വൈക്കം ക്ഷേത്രത്തിൽ മോഷണം

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കാണിക്കവഞ്ചി 
കുത്തിത്തുറന്ന നിലയിൽ


വൈക്കം  വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ അലങ്കാര ഗോപുരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. കാണിക്കവഞ്ചിയിൽ നിന്ന് പണം പൂർണമായി നഷ്ടപ്പെട്ടിരുന്നില്ല. സമീപത്തായി വാർക്കപ്പണിക്ക് കമ്പി വളയ്‌ക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ഇരുമ്പുകമ്പികൾ, കാവിമുണ്ട്, ചെങ്കല്ല്‌ തുടങ്ങിയവ കണ്ടെത്തിയിരുന്നു.  കാണിക്കവഞ്ചിക്ക് സമീപം എണ്ണ വിൽക്കുന്ന സ്ത്രീ ഞായർ പകൽ 11ന്‌ ചെങ്കല്ല് പൊട്ടിക്കിടക്കുന്നതിൽ സംശയം തോന്നി നോക്കിയപ്പോഴാണ് കാണിക്കവഞ്ചിയുടെ താഴ് തകർന്നത് കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് ദേവസ്വം അധികൃതർ പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.  പൊലീസ് നായ സമീപത്തെ ഓഡിറ്റോറിയം ചുറ്റി ദളവാക്കുളം ബസ് സ്റ്റാന്‍ഡില്‍ എത്തി. തുടര്‍ന്ന് വെയിറ്റിങ് ഷെഡിലും നിര്‍മാണം നടക്കുന്ന കെട്ടിടത്തിലും മണം പിടിച്ചെത്തി.  കാണിക്കവഞ്ചിയില്‍നിന്നും എല്ലാ മാസവും ദേവസ്വം അധികൃതര്‍ പണം എടുക്കുന്നതാണ്. കഴിഞ്ഞ മാസവും കാണിക്ക എടുത്തിരുന്നു.  10,000 മുതല്‍ 12,000 രൂപയ്ക്കും ഇടയിലുള്ള തുകയാണ് ഇവിടെ നിന്നും ലഭിക്കുന്നത്. മോഷണം നടന്ന വഞ്ചിയില്‍ നിന്നും ഏകദേശം 4000 രൂപയുടെ നോട്ടുകള്‍ ഉള്‍പ്പെടെ 10,600 രൂപ കിട്ടിയിട്ടുണ്ട്.   പ്രൊഫഷണൽ മോഷ്ടാവല്ല കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിനിടയിൽ ആളനക്കമുണ്ടായതോടെ കിട്ടിയ പണവുമായി ഇയാൾ കടന്നിരിക്കാമെന്ന് പൊലീസ്‌ കരുതുന്നു. സംഭവത്തിൽ വിശദമായി അന്വേഷണം നടക്കുന്നതായി പൊലീസ്‌ അറിയിച്ചു.      Read on deshabhimani.com

Related News