752 കുടുംബങ്ങൾക്ക് 
സ്വപ്‌നഭവനം



കോട്ടയം സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ പൂർത്തീകരിച്ചത് 752 വീടുകൾ.  സംസ്ഥാനത്ത് നൂറുദിന കർമപരിപാടിയുടെ ഭാഗമായി 10,000 വീടുകളുടെ നിർമാണം പൂർത്തീകരിച്ചതിന്റെ സംസ്ഥാന തലപ്രഖ്യാപനം 18ന് പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തുടർന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൂർത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം നടക്കും. പൂർത്തീകരിച്ച വീടുകളിൽ ജനപ്രതിനിധികളും ഗുണഭോക്താവിന്റെ കുടുംബാംഗങ്ങളും ചേർന്നാണ് പൂർത്തീകരണ പ്രഖ്യാപനം നടത്തുക.  ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 9,678 വീടുകൾ പൂർത്തിയായി. ഒന്നാം ഘട്ടത്തിൽ 1,102 വീടുകളും രണ്ടാംഘട്ടത്തിൽ 4,222 വീടുകളും മൂന്നാംഘട്ടത്തിൽ 775 വീടുകളും പൂർത്തീകരിച്ചു. പട്ടികജാതി-വർഗ, -ഫിഷറീസ് വിഭാഗക്കാരുടെ അഡീഷണൽ ലിസ്റ്റിലെ 148 വീടുകളും പിഎംഎവൈ നഗരവിഭാഗത്തിലെ 1768 വീടുകളും പിഎംഎവൈ ഗ്രാമീണവിഭാഗത്തിലെ 616 വീടുകളും പട്ടികജാതി വകുപ്പ് നിർമിച്ച 954 വീടുകളും പട്ടികവർഗ വകുപ്പ് നിർമിച്ച 14 വീടുകളും ഫിഷറീസ് വകുപ്പ് നിർമിച്ച 79 വീടുകളും ഇതിൽ ഉൾപ്പെടും. ഉദയനാപുരം പഞ്ചായത്തിലാണ് ഏറ്റവുമധികം വീടുകൾ ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ചത് -247 എണ്ണം.  തദ്ദേശസ്ഥാപനങ്ങളിലെ ഭവന പൂർത്തീകരണ പ്രഖ്യാപനം വിജയിപ്പിക്കാനുളള പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷനും കലക്ടർ ഡോ. പി കെ ജയശ്രീ കൺവീനറുമായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നു. പരിപാടി ഓൺലൈനായി കാണാൻ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. Read on deshabhimani.com

Related News