തലയോലപ്പറമ്പിലും വിജയപുരത്തും ഭവന സമുച്ചയങ്ങള്‍



കോട്ടയം ലൈഫ്‌ മിഷന്റെ മൂന്നാംഘട്ടത്തിൽ ഭൂരഹിത- ഭവനരഹിതർക്കായി സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ ഒരുക്കുന്ന 29 ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം 24ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഓൺലൈൻ ചടങ്ങിൽ മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനാകും. ജില്ലയിൽ തലയോലപ്പറമ്പ് പഞ്ചായത്തിലെ  മിഠായിക്കുന്നിലെയും വിജയപുരം പഞ്ചായത്തിലെ ചെമ്പോല കോളനിയിലെയും ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും. തലയോലപ്പറമ്പിൽ ജലസേചനവകുപ്പിന്റെ കൈവശമുള്ള 433 സെന്റ് സ്ഥലത്ത് 36 ഭവനങ്ങളും വിജയപുരത്ത് പഞ്ചായത്തിന്റെ 55.8 സെന്റ് സ്ഥലത്ത് 44 ഭവനങ്ങളുമുള്ള സമുച്ചയമാണ് നിർമിക്കുക.  ലൈഫ് മൂന്നാംഘട്ട ഭവനസമുച്ചയ നിർമാണത്തിനായി സംസ്ഥാനത്ത് മുന്നൂറോളം സ്ഥലങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ടെണ്ടർ നടപടികൾ പൂർത്തിയായ കേന്ദ്രങ്ങളിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക. ജില്ലയിലെ രണ്ട്‌ കേന്ദ്രങ്ങളിലും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിക്കാൻ വീഡിയോ കോൺഫറൻസിൽ നടത്തിയ ആലോചനായോഗം തീരുമാനിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,  കലക്ടർ എം അഞ്ജന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി എസ് ഷിനോ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ സി എൻ സുഭാഷ്, തലയോലപ്പറമ്പ്  പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി എന്നിവർ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News