അരങ്ങിലെ നാരദൻ കാടുവെട്ടുകയാണ്‌



  ശരൺ ചന്ദ്രൻ പൊൻകുന്നം വേദികളിൽ നാരദനായി നിറഞ്ഞാടിയ ബാലെ നടന‌് ലോക്‌ഡൗൺ സമ്മാനിച്ചത‌് കാടുവെട്ടുകാരന്റെ വേഷം. ചെറുവള്ളി സാബുവാണ്‌ ഉപജീവനത്തിനായി പുതിയ ജോലി തേടിയിരിക്കുന്നത്‌.  38 വർഷമായി ബാലെ നടനാണ്‌ സാബു. സ്ഥിരം നാരദ വേഷമായതിനാൽ നാരദൻ സാബു എന്നും പേരുവീണു. ജില്ലയിലെ എല്ലാ പ്രമുഖ ബാലെ സമിതികളിലും സാബു ഉണ്ടായിരുന്നു. ചങ്ങനാശേരി ജയകേരള, പൂഞ്ഞാർ നൃത്തഭവൻ, പൂഞ്ഞാർ അശ്വതി തുടങ്ങിയ 25 സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. ഏഴ് വർഷമായി കോട്ടയം ജയകൃഷ്‌ണയിലെ നടനാണ്. അഭിനയമായിരുന്നു സാബുവിന്റെ ഏക വരുമാന മാർഗം. വേദിക്ക് ആയിരം രൂപയായിരുന്നു പ്രതിഫലം. സീസണിൽ 25ലേറെ വേദികൾ കിട്ടിയിരുന്നതായി സാബു പറഞ്ഞു. മണക്കാട്ട് ഭദ്രാദേവസ്വത്തിന്റെയും ചെറുവള്ളി ദേവസ്വത്തിന്റെയും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് ഈ അമ്പത്തഞ്ചുകാരൻ. ലോക്‌ഡൗണിന് തൊട്ടുമുമ്പുവരെ തട്ടിൽ നിറഞ്ഞാടി. പിന്നീട്‌ സ്ഥിതിമാറി. ബുക്കിങ് ലഭിച്ച വേദികളിലൊന്നും ബാലെ നടന്നില്ല. ഇതോടെ വായ്‌പയെടുത്ത് കാടുവെട്ട്‌ യന്ത്രം വാങ്ങി ജോലി തുടങ്ങി. മണിക്കൂറിന് 250 രൂപ ലഭിക്കും. നൃത്തനാടകമില്ലെങ്കിലും ജീവിത നാടകത്തിൽ തളരാതെ മുമ്പോട്ടുപോവുകയാണീ നടൻ. ചെറുവള്ളി കറുത്തമഞ്ഞാടി ഗോകുലം വീട്ടിൽ ഭാര്യ ബിന്ദുവിനും മക്കളായ ഗോപികക്കും ഗീതികക്കുമൊപ്പമാണ്‌ താമസം.   Read on deshabhimani.com

Related News