വൈക്കം ആശങ്കയിൽ



   - പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ടത്‌ അധ്യാപിക മറച്ചുവച്ചു   വൈക്കം നേരേകടവിലുള്ള യുവാവിനും ചെമ്മനത്തുകര സ്‌കൂളിലെ അധ്യാപികയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ വൈക്കത്തെ ജനങ്ങൾ ആശങ്കയിൽ. ചൊവ്വാഴ്ച അധ്യാപികയുടെ ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. പാലിയേറ്റീവ് കെയർ പരിചരണത്തിലുള്ള അച്ഛൻ കുറച്ചുദിവസങ്ങളായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലേക്കുതന്നെ മാറ്റി. അധ്യാപികയുടെ ഭർത്താവിന്റെ ആദ്യഫലം നെഗറ്റീവാണ്‌ . അധ്യാപികയിൽ നിന്നു തന്നെയാണ് വീട്ടിലുള്ളവർക്ക് രോഗം പകർന്നിരിക്കുന്നതെന്നാണ് സൂചന.  ചെമ്മനത്തുകര ഗവ. യുപി സ്‌കൂളിൽ എത്തിയ ഇടയാഴം സ്വദേശിയായ അധ്യാപിക ബന്ധുവായ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രാഥമിക സമ്പർക്ക പട്ടികയിലായിരുന്നു. ഇതു മറച്ചുവച്ചാണ് ഇവർ സ്‌കൂളിൽ എത്തിയത്. സംഭവമറിഞ്ഞപ്പോൾ പഞ്ചായത്ത് അധികൃതർ സ്‌കൂൾ അടച്ചിടാൻ നിർദേശം നൽകി. എന്നാൽ ഇതുമാനിക്കാതെ എട്ട്, ഒമ്പത് തീയതികളിൽ സ്‌കൂൾ തുറന്ന് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികൾ ഉൾപ്പെടെ അറുപതോളം പേർ ഇവിടെ എത്തിയിരുന്നു. പത്തിന്‌ അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കത്തിലേർപ്പെട്ട അധ്യാപകരും കുട്ടികളും രക്ഷിതാക്കളും നിരീക്ഷണത്തിലായി.  ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിലും സമാനമായ സാഹചര്യമാണ്. കോവിഡ് സ്ഥിരീകിരച്ച നേരേകടവ് മാടവന സ്വദേശിയായ യുവാവ് ആലപ്പുഴ ജില്ലയിലെ എഴുപുന്നയിൽ പ്രവർത്തിക്കുന്ന ചെമ്മീൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന നിരവധി പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് കമ്പനി പൂട്ടുകയും ക്വാറന്റൈനിൽ പ്രവേശിക്കാൻ എഴുപുന്ന പഞ്ചായത്ത് നിർദേശം നൽകിയുരുന്നു. ഒമ്പതിന് ഇയാൾ താലൂക്ക് ആശുപത്രിയിലും എത്തിയിരുന്നു. ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരും നാല് ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലായി. ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി സമ്പർക്ക വ്യാപനം തടയാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ. Read on deshabhimani.com

Related News