എഴുത്തിനെ ആയുധമാക്കാൻ സ്‌ത്രീസമൂഹം തയ്യാറാകണം: അഡ്വ.പി സതീദേവി



കോട്ടയം  പേനയെ ആയുധമാക്കാൻ നമ്മുടെ പുതിയ എഴുത്തുകാരികൾ തയ്യാറാകണമെന്ന്‌ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി.  സ്‌ത്രീ എന്നത്‌ ഒരു ഉപഭോഗ വസ്‌തുവല്ല. മാറ്റം കുടുംബത്തിൽനിന്ന്‌ തന്നെ വേണം. സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടക്കുന്ന പ്രചോദിത വനിതാ സാഹിത്യ ശില്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. ഒരു സ്‌ത്രീപക്ഷ സമൂഹത്തെ വളർത്തിയെടുക്കാൻ എഴുത്തിന്‌ സാധിക്കും. അത്തരത്തിലുള്ള സമൂഹത്തെ വളർത്തിയെടുക്കുന്നതിന് പേനയുടെ മൂർച്ചകൂട്ടി എഴുത്തിനെ ആയുധമാക്കണം. മതത്തിന്റെയും ജാതിയുടെയും പേരിൽ സ്‌ത്രീകളെ മാറ്റി നിർത്തുമ്പോൾ സ്‌ത്രീപക്ഷ സർക്കാരാണ്‌ കേരളം ഭരിക്കുന്നത്‌ എന്നത്‌ രാജ്യത്താകെ ശ്രദ്ധേയമാണ്‌.  സിഎംഎസ്  കോളേജ് പ്രിൻസിപ്പൽ ഡോ.  വർഗീസ് സി ജോഷ്വാ അധ്യക്ഷയായി.  സാഹിത്യകാരി  ശ്രീകുമാരി രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. അക്ഷരസ്ത്രീ പ്രസിഡന്റ്‌ ഡോ. ആനിയമ്മ ജോസഫ്, സിഎംഎസ് കോളേജ് വിമൻസ് സ്റ്റഡീസ് സെന്റർ ഡയറക്‌ടർ ഡോ. സുമി മേരി തോമസ്, പ്രചോദിത മാനേജിങ്‌ ഡയറക്ടർ ഗീതാ ബക്ഷി, എക്സിക്യൂട്ടീവ് ഡയറക്ടർ രേഖാ ബിറ്റ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ്‌ തെളിയിച്ച രമണി അമ്മാൾ, മാല കാലാക്കൽ, ബിന്ദുദാസ്‌, കൃഷ്‌ണവേണി, മാളവിക സനൽകുമാർ, അരുണിമ ജയകുമാർ എന്നിവരെ ആദരിച്ചു. ഞായർ സമാപന സമ്മേളനത്തിൽ സാഹിത്യകാരി എസ്‌ ശാരദക്കുട്ടി മുഖ്യാതിഥിയാകും. Read on deshabhimani.com

Related News