സിപിഐ എം തണലായി; തങ്കമ്മയ്‌ക്കും 
കുടുംബത്തിനും സുരക്ഷിതഭവനമായി

സിപിഐ എം മീനച്ചിൽ ലോക്കൽ കമ്മിറ്റി കാഞ്ഞിരത്താനം നെല്ലിയാനിക്കുന്നേൽ തങ്കമ്മ കൃഷ്‌ണൻകുട്ടിയുടെ കുടുംബത്തിന്‌ നിർമിച്ച്‌ കൈമാറുന്ന വീട്‌


പൈക സുരക്ഷിത ഭവനമില്ലാതെ ദുരിതജീവിതം നയിച്ച നിർധന വിധവയുടെ കുടുംബത്തിന്‌ സിപിഐ എമ്മിന്റെ സ്‌നേഹഭവനം ഒരുങ്ങി. കാഞ്ഞിരത്താനം നെല്ലിയാനിക്കുന്നേൽ തങ്കമ്മ കൃഷ്‌ണൻകുട്ടിയ്‌ക്കാണ്‌ ഏഴര ലക്ഷം രൂപ ചെലവിൽ സിപിഐ എം സുരക്ഷിത ഭവനം നിർമിച്ച്‌ നൽകുന്നത്‌. മീനച്ചിൽ ലോക്കൽ കമ്മിറ്റി നിർമിച്ച്‌ നൽകുന്ന വീടിന്റെ താക്കോൽ മന്ത്രി വി എൻ വാസവൻ വ്യാഴം പകൽ 11ന്‌ കുടുംബത്തിന്‌ കൈമാറും.  തങ്കമ്മയുടെ ഭർത്താവ്‌ കൃഷ്‌ണൻകുട്ടി ആന പാപ്പാനായിരുന്നു. അഞ്ച്‌ വർഷം മുമ്പ്‌ തിരുവനന്തപുരത്ത്‌ തടി പിടിപ്പിക്കുന്നതിനിടെ ആന കുത്തിക്കൊന്നതോടെയാണ്‌ കുടുംബം നിരാലംബമായത്‌. തങ്കമ്മയും വിവാഹിതനായ രണ്ടാമത്തെ മകൻ മധുവും ഭാര്യയും രണ്ട്‌ കുട്ടികളും കൈവശമുള്ള ഒൻപത്‌ സെന്റ്‌ ഭൂമിയിലെ കുടിലിലായിരുന്നു വാസം. ദുരവസ്ഥ കണ്ടറിഞ്ഞാണ്‌ സിപിഐ എം ഇവർക്ക്‌ വീട്‌ നിർമിച്ചു നൽകാൻ തീരുമാനിച്ചത്‌. അവിവാഹിതനായ മൂത്തമകൻ തൊഴിൽതേടിയുള്ള അലച്ചിലിലാണ്‌. ഇളയമകൻ വിവാഹിതനായി ഭാര്യവീട്ടിലാണ്‌ താമസം.  പാർടി അംഗങ്ങൾ, അനുഭാവികൾ, ബഹുജനങ്ങൾ എന്നിവരിൽനിന്ന്‌ സംഭാവന ശേഖരിച്ചാണ്‌ 630 ചതുരശ്രയടിയിലുള്ള കോൺക്രീറ്റ്‌ ഭവനം ഒരുക്കിയത്‌. രണ്ട്‌ മുറി, അടുക്കള, ഹാൾ, സിറ്റൗട്ട്‌, ശുചിമുറി സൗകര്യവും ഉണ്ട്‌. ലോക്കൽ സെക്രട്ടറി ഇ സി ബിജു ചെയർമാനും കിരൺ ജോസഫ്‌ കൺവീനറുമായ  കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു വീട്‌ നിർമാണം. കാഞ്ഞിരത്താനത്ത്‌ നടക്കുന്ന ചടങ്ങിൽ ലോക്കൽ സെക്രട്ടറി ഇ സി ബിജു അധ്യക്ഷനാകും. Read on deshabhimani.com

Related News