എന്തിനാണയാള്‍ ഗാന്ധിയെ കൊന്നത്

സരസ്വതിയമ്മ


കോട്ടയം "ഗോഡ്സേക്ക് ഭാവഭേദങ്ങളില്ലായിരുന്നു. ഇരുവശത്തേക്കും തിരിഞ്ഞുനോക്കി അയാള്‍ നടന്നുനീങ്ങി'. അൽപം ചിന്തിച്ചശേഷം സരസ്വതിയമ്മ ചോദിച്ചു, "എന്തിനായിരുന്നു ഗാന്ധിജിയെ അയാൾ കൊന്നത്'? ഗാന്ധിജിയുടെ മരണദിവസം ഓര്‍ത്തെടുക്കുകയാണ് കുമാരനല്ലൂർ പേടമുറിയിൽ സരസ്വതിയമ്മ (95). ഗാന്ധിജി താമസിച്ചിരുന്ന ബിർള ഹൗസിന്‌ സമീപം തുഗ്ലക്ക്‌ റോഡിലായിരുന്നു സരസ്വതിയമ്മയുടെ വീട്. വ്യോമസേന ജീവനക്കാരനായ ഭർത്താവ് കുട്ടൻപിള്ളയ്‍ക്കൊപ്പമാണ് സരസ്വതിയമ്മ ഡൽഹിയിലെത്തുന്നത്. മൂത്തമകൻ ജനിച്ചിട്ട് ഒരു വർഷം ആകുന്നു. വീട്ടില്‍നിന്ന് ബിർള ഹൗസിലേക്ക്‌ നടക്കാവുന്ന ദൂരമേയുള്ളു.  എന്നും അഞ്ചോടെ ​ഗാന്ധിജി പ്രാര്‍ഥനാമുറിയിലെത്തും. കാലൊരുവശത്തേക്ക് വച്ചിരുന്ന് പ്രാര്‍ഥിക്കും. കുറച്ചുദിവസം ഈ പ്രാര്‍ഥനയിൽ സരസ്വതിയമ്മയും ചേര്‍ന്നിട്ടുണ്ട്. ​ ഗാന്ധിജിക്ക് വെടിയേറ്റദിവസം മകനെ ഉറക്കാനുള്ളതിനാല്‍ അല്‍പം വൈകിയാണ് പ്രാര്‍ഥന സ്ഥലത്തേക്ക് പോകാന്‍ തയ്യാറായത്. പുറത്തിറങ്ങിയപ്പോള്‍ ജനം ഭയന്ന് നിലവിളിച്ച് ഓടുന്നു, "ബാപ്പു മര്‍ഗയ'. സരസ്വതിയമ്മയുടെ മുഖത്ത് ഇന്നും ആ ഭീതി.  ഹിന്ദി വശമില്ലാത്തതിനാൽ ആദ്യം മനസിലായില്ല. ബിർള ഹൗസിലേക്ക് ഓടുമ്പോഴാണ് മലയാളിയായ ഒരാൾ ഗാന്ധിജിക്ക് വെടിയേറ്റെന്നും മരിച്ചെന്നും പറഞ്ഞത്. എന്തുചെയ്യണമെന്നറിയാതെ തിരികെ വീട്ടിലേക്ക് ഓടി. അപ്പോഴാണ് ഗോഡ്സേയെ പൊലീസുകാർ പിടിച്ചുകൊണ്ടുവരുന്നത് കണ്ടത്. ആ മുഖവും മറക്കാനാകുന്നില്ല. ആ കറുത്തദിനം എങ്ങനെ മറക്കും. സരസ്വതിയമ്മ ചോദിച്ചു.  Read on deshabhimani.com

Related News