കോളേജ്‌ വിട്ടാൽ ദർശിനിക്കിഷ്‌ടം 
രുചിയുടെ സയൻസ്‌

സിഎംഎസ് കോളേജ് റോഡിലെ ബജിക്കടയിൽ പലഹാരങ്ങൾ ഉണ്ടാക്കുന്ന ദർശിനി. അച്ഛൻ തങ്കരാജ്, അമ്മ ശിവകാമി, സഹോദരി യുവശ്രീ എന്നിവർ സമീപം


കോട്ടയം കോളേജ്‌ വിട്ടുവന്നാൽ ദർശിനി തട്ടുകടയിലെ വറചട്ടിക്കരികിലെത്തി കണ്ണാപ്പ തിളച്ച എണ്ണയിലേക്കിട്ട്‌ രണ്ട്‌ തട്ട്‌തട്ടും. കോരിയെടുത്ത ആവി പറക്കുന്ന ബജിയിലേക്ക്‌ ചട്‌നി കോരിയൊഴിച്ച്‌ ആവശ്യക്കാർക്ക്‌ നീട്ടി പെട്ടെന്ന്‌ കടയിലെ തിരക്കിലമരും അവൾ. ഇതിനിടയിൽ കാശ്‌ വാങ്ങണം, ഓർഡർ എടുക്കണം. തിരക്കൊഴിയുന്നവരെ കണ്ണും കാതും കൂർപ്പിച്ച്‌ ഗൗരവമുള്ള കടക്കാരിയാകും ഈ ബിടെക്‌ വിദ്യാർഥിനി.   കോട്ടയം സിഎംഎസ്‌ കോളേജ്‌ റോഡിലാണ്‌ ഈ ബജിക്കട. പൂഞ്ഞാർ എൻജിനിയറിങ്‌ കോളേജ് ബിടെക്‌ കംപ്യൂട്ടർ സയൻസ്‌ രണ്ടാം വർഷ വിദ്യാർഥിനിയായ ദർശിനി പുത്തനങ്ങാടിയിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന തങ്കരാജിന്റെയും ശിവകാമിയുടെയും മൂത്തമകളാണ്‌. മകൾ എത്തിയാൽ അച്ഛനമ്മമാർക്ക്‌ അൽപം വിശ്രമിക്കാം. ഈ സമയം സഹോദരി യുവശ്രീയും കടയിൽ കാണും. രാത്രി ഒമ്പതോടെ കടയടച്ച്‌ ഒരുമിച്ചാവും കുടുംബത്തിന്റെ മടക്കം. ‘അച്ഛനും അമ്മയും കഷ്‌ടപ്പെടുന്നത്‌ കണ്ടാണ്‌ വളർന്നത്‌. അവരെ സഹായിക്കേണ്ടത്‌ എന്റെ കടമയല്ലേ?’ – ദർശിനി ചോദിക്കുന്നു.   തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽനിന്ന്‌ 20 വർഷം മുമ്പാണ്‌ കുടുംബം കോട്ടയത്തെത്തുന്നത്‌. തങ്കരാജിന്‌ ആദ്യം ലോട്ടറി കച്ചവടമായിരുന്നു. പിന്നീട്‌ ഹോട്ടൽ തൊഴിലാളിയായി. എന്നാൽ ഇതുകൊണ്ട്‌ കുടുംബം മുന്നോട്ടുനീങ്ങില്ലെന്നായതോടെ 15 വർഷം മുമ്പ്‌ ബജിക്കട തുടങ്ങി. അന്ന്‌ ദർശിനിയും, യുവശ്രീയും ചെറിയ കുഞ്ഞുങ്ങളായിരുന്നു. സ്‌കൂളിൽനിന്ന്‌ ഇരുവരെയും കടയിലേക്കാണ്‌ കൊണ്ടുവന്നിരുന്നത്‌.   രാവിലെ ഒമ്പതോടെ കടയിലെത്തുന്ന തങ്കരാജ്‌ പരിസരം വൃത്തിയാക്കി മടങ്ങും. പകൽ രണ്ടോടെ ശിവകാമിയുമൊത്ത്‌ തിരിച്ചെത്തും. പലഹാരത്തിനുള്ള മാവും മറ്റും തയ്യാറാക്കുന്നത്‌ വീട്ടിൽതന്നെ. പിന്നെ ആവി പറക്കുന്ന ബജികളുടെ മണം ഇവിടെമാകെ പടരും.   കോവിഡ്‌ സമയത്ത്‌ ബുദ്ധിമുട്ടിലായ ഇവർക്ക്‌ പൊലീസാണ്‌ കൈത്താങ്ങായത്‌. രണ്ട്‌ മുതൽ ആറ്‌ വരെ കടതുറക്കാനും പാഴ്‌സൽ നൽകാനും അനുവദിച്ചു. ഇത്‌ കുടുംബത്തിന്‌ നൽകിയ ആശ്വാസം വലുതായിരുന്നെന്ന്‌ തങ്കരാജ്‌ പറഞ്ഞു. പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനം സ്വന്തമായി തുടങ്ങണമെന്നാണ്‌ ദർശിനിയുടെ ആഗ്രഹം. 10–-ാം ക്ലാസ്‌ കഴിഞ്ഞ യുവശ്രീക്ക്‌ നഴ്‌സാകാനും. Read on deshabhimani.com

Related News