തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് ഒഴിപ്പിക്കൽ തടഞ്ഞു



കോട്ടയം തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌ കോംപ്ലക്‌സ്‌ ഒഴിപ്പിക്കാനെത്തിയ നഗരസഭാ ജീവനക്കാർ വ്യാപാരികളുടെ പ്രതിഷേധംമൂലം മടങ്ങി. ബുധൻ പകൽ 11ന്‌ നഗരസഭ സെക്രട്ടറി ഇൻചാർജ്‌ അനില അന്ന വർഗീസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി. അപ്പോഴേക്കും കെട്ടിടത്തിനുസമീപം റോഡരികിൽ വ്യാപാരികൾ സംഘടിച്ചിരുന്നു. ഇവർ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. പൊലീസിന്റെ വൻ സംഘവും സ്ഥലത്തെത്തി. നഗരത്തിൽ ഏറെനേരം ഗതാഗത കുരുക്കുണ്ടായി. കെട്ടിടം ഒഴിപ്പിക്കാനും പൊളിക്കാനും അനുവദിക്കില്ലെന്ന്‌ വ്യാപാരികൾ അറിയിച്ചതോടെ ഉദ്യോഗസ്ഥർ തിരിച്ചുപോകുകയായിരുന്നു. ബസ്‌സ്‌റ്റാൻഡ്‌ കോംപ്ലക്‌സിലെ പഴകിയ ബ്ലോക്കുകൾ പൊളിച്ചുകളഞ്ഞ്‌ പുതിയത്‌ പണിയാൻ തീരുമാനിച്ച നഗരസഭ, കോംപ്ലക്‌സിലെ കടകൾക്ക്‌ ഒഴിയാൻ നോട്ടീസ്‌ കൊടുത്തിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ചതിനെതുടർന്നാണ്‌ ഒഴിപ്പിക്കാൻ അധികൃതരെത്തിയത്‌. ഇവിടെ 52 കടകളുണ്ട്‌. കെട്ടിടത്തിൽ ഇന്നേവരെ നഗരസഭ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഒഴിപ്പിക്കുന്നത്‌ സംബന്ധിച്ച ചർച്ചയിൽ വ്യാപാരികളെ ഉൾപ്പെടുത്തിയില്ല. ജീവിതമാർഗം ഇല്ലാതാകുന്ന വ്യാപാരികൾക്കുവേണ്ടി ബദൽ സംവിധാനം പോലും ഒരുക്കാതെയാണ്‌ നഗരസഭാധികൃതർ കെട്ടിടം ഒഴിപ്പിക്കാനെത്തിയത്‌. സ്വകാര്യഹോട്ടലിനെ സഹായിക്കാനാണ്‌ കെട്ടിടം പൊളിക്കുന്നതെന്നും വ്യാപാരികൾ ആരോപിക്കുന്നു. Read on deshabhimani.com

Related News