സമ്പൂർണ ഓൺലൈൻ പഠന മണ്ഡലമാകാൻ ഏറ്റുമാനൂർ



ഏറ്റുമാനൂർ സമ്പൂർണ ഓൺലൈൻ പഠനസൗകര്യ ലഭ്യത കൈവരിച്ച മണ്ഡലമായി ഏറ്റുമാനൂർ മാറുന്നു. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്ക് ടിവി ലഭ്യമാക്കിയാണ്‌ ലക്ഷ്യം കൈവരിക്കുന്നത്‌. അഡ്വ. സുരേഷ് കുറുപ്പ് എംഎൽഎയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ‌ പ്രവർത്തനങ്ങൾ.  ലോകോത്തര സോഫ്റ്റ് വെയർ കമ്പനിയായ ഐബിഎസ് സോഫ്റ്റ് വെയർ പ്രൈവറ്റ് ലിമിറ്റഡ് സംഭാവന ചെയ്ത 50 ടിവികളും മറ്റ് സുമനസ്സുകളിൽ നിന്ന് ശേഖരിച്ച 10 ടിവികളും ചേർത്ത് 60 ടിവികളാണ് വിതരണം ചെയ്തത്. ആദ്യ ഘട്ടത്തിൽ വിതരണം ചെയ്ത 20 ടിവികൾക്ക് പുറമേയാണിത്. അടുത്ത ഘട്ടത്തിൽ ശേഷിക്കുന്ന വിദ്യാർഥികൾക്കുകൂടി ടിവി ലഭ്യമാക്കുന്നതോടെ സമ്പൂർണ ഓൺലൈൻ പഠനസൗകര്യ ലഭ്യത കൈവരിച്ച മണ്ഡലമായി മാറുമെന്ന്‌ എംഎൽഎ പറഞ്ഞു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിലാണ്‌ ടിവി വിതരണം നടത്തിയത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ബിന്ദു അധ്യക്ഷയായി. ഉപവിദ്യാഭ്യാസ ഡയറക്ടർ വി ആർ ശൈല, ഐബിഎസ് സോഫ്റ്റ് വെയർ എച്ച്ആർ എ എസ് സനി, പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോർഡിനേറ്റർ കെ ജെ പ്രസാദ്, സർവശിക്ഷാ അഭിയാൻ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ മാണി ജോസഫ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അയ്മനം ബാബു, ഏരിയ കമ്മിറ്റിയംഗങ്ങളായ ഇ എസ് ബിജു, ഗീത ഉണ്ണികൃഷ്ണൻ, പി എസ് വിനോദ്, ലോക്കൽ സെക്രട്ടറി ടി വി ബിജോയ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കുവേണ്ടി വിവിധ സ്കൂളുകളിലെ പ്രധാനധ്യാപകരും വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ടിവി ഏറ്റുവാങ്ങി. Read on deshabhimani.com

Related News