ശ്രീനന്ദയ്‌ക്ക്‌ 
പൂക്കളെ കാണാൻ

വീൽ ചെയറിൽ വീട്ടുമുറ്റത്തുകൂടി സഞ്ചരിക്കുന്ന ശ്രീനന്ദ


ചങ്ങനാശേരി ജനാലയിലൂടെ കണ്ട ശലഭങ്ങളെയും പൂക്കളെയും ഇനി ശ്രീനന്ദയ്‌ക്ക്‌ അരികിലെത്തി കാണാം. അഞ്ചുവർഷമായി വീടിനകമായിരുന്നു ഈ ഒൻപതുകാരിയുടെ ലോകം. അപകടത്തിൽ പരിക്കേറ്റ്‌ നടക്കാനോ പുറത്തിറങ്ങാനോ കഴിയാതെ വേദനിച്ച ആ കുഞ്ഞുമനസിന്റെ സങ്കടം കണ്ടറിഞ്ഞ്‌ മാടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്താണ്‌ വീൽചെയർ സമ്മാനിച്ചത്‌.   അഞ്ച് വർഷംമുമ്പാണ് മാടപ്പള്ളി കല്പന ലൈബ്രറിക്ക് സമീപം മൂലയിൽ വീട്ടിൽ അഭിലാഷിന്റെയും സജിനി ഭായിയുടെയും മകൾ ശ്രീനന്ദയുടെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ഉണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ്‌ ശ്രീനന്ദയുടെ അരയ്‌ക്കുതാഴെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലടക്കം വിവിധ ആശുപത്രികളിൽ അനേകം ചികിത്സകൾ നടത്തിയെങ്കിലും ഫലംകണ്ടില്ല. വീടിനു പുറത്തിറങ്ങാനും കൂട്ടുകാരുമൊത്ത് സഞ്ചരിക്കാനും അടങ്ങാത്ത ആഗ്രഹമായിരുന്നു ശ്രീനന്ദയുടെ മനസിൽ. നിർധന കുടുംബാംഗമായ ശ്രീനന്ദയുടെ സാഹചര്യം മനസിലാക്കിയ വാർഡംഗം പി എ ബിൻസൺ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു ജോസഫിനെ വിവരം അറിയിച്ചു. വിവരമറിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ രാജു വീട്ടിലെത്തി വിവരങ്ങൾ ചോദിച്ച് മനസിലാക്കി.  മാടപ്പള്ളി ബ്ലോക്ക്‌ പാലിയേറ്റീവ് പദ്ധതി പ്രകാരം ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചു.    മാടപ്പള്ളി ഗവ. എൽപി  സ്‌കൂളിൽ നാലാംക്ലാസ്‌ വിദ്യാർഥിനിയാണ്‌ ശ്രീനന്ദ. ബ്ലോക്കിനു കീഴിലെ ബിആർസി അധ്യാപകർ വീട്ടിലെത്തിയാണ്‌ പഠിപ്പിക്കുന്നത്‌.     എത്രയുംവേഗം അവൾ ഓടിക്കളിക്കുന്നത് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഒരുനാട് മുഴുവൻ. ആഴ്ചയിൽ ഒരുദിവസം വീട്ടിലെത്തി ഫിസിയോതെറാപ്പി സേവനവും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ നേതൃത്വത്തിൽ പാലിയേറ്റീവ് വഴി ഉറപ്പാക്കിയിട്ടുണ്ട്. മാടപ്പള്ളി എഫ്എച്ച്സിയിലെ പാലിയേറ്റിവ് നഴ്‌സ്‌ രഞ്ജിത നിത്യേന വീട്ടിലെത്തി ചികിത്സനല്കുന്നുണ്ടെന്നും പി എ ബിൻസൺ പറഞ്ഞു.  വീൽചെയറിൽ ഓടിനടന്ന്‌ അവൾ കാഴ്ചകൾ കാണുകയാണിപ്പോൾ. എല്ലാവരുടെയും അടുത്തെത്തി നിറയെ വർത്തമാനങ്ങൾ... പൊട്ടിച്ചിരികൾ...വീടാകെ സന്തോഷത്തിന്റെ പൂത്തിരി ചിതറുന്നു.   Read on deshabhimani.com

Related News