ത്രിപുരയിലെ അക്രമങ്ങൾ കേന്ദ്ര പിന്തുണയോടെ: വൈക്കം വിശ്വൻ



കോട്ടയം ത്രിപുരയിൽ ബിജെപി നടത്തുന്ന ഫാസിസ്‌റ്റ്‌ അക്രമങ്ങൾക്ക്‌ കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ വൈക്കം വിശ്വൻ പറഞ്ഞു. ത്രിപുരയിൽ ഫാസിസ്‌റ്റ്‌ തേർവാഴ്‌ച അതിന്റെ പൂർണതയിൽ നിൽക്കുകയാണ്‌. കൃഷിക്കാരും തൊഴിലാളികളും അടക്കമുള്ള സാധാരണക്കാരുടെ ജീവിതം ഒന്നിനൊന്ന്‌ ദുരിതപൂർണമാകുകയാണ്‌. ഫാസിസത്തിനെതിരായി ആ ജനത നടത്തുന്ന പോരാട്ടങ്ങൾക്കാണ്‌ കേരളം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്‌. സിപിഐ എം ജില്ലാ കമ്മിറ്റി കോട്ടയത്ത്‌ സംഘടിപ്പിച്ച ത്രിപുര ഐക്യദാർഢ്യ സദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വൈക്കം വിശ്വൻ. ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ പൊരുതിയാണ്‌ ത്രിപുരയിൽ സിപിഐ എം അധികാരത്തിലെത്തിയത്‌. അവിടെയിപ്പോൾ ബിജെപിയുടെ തേർവാഴ്‌ചയാണ്‌. പാർടി ഓഫീസുകൾ പിടിച്ചെടുക്കുന്നു, സംസ്ഥാന നേതാക്കളെയടക്കം കൊലചെയ്യുന്നു. സിപിഐ എമ്മിന്റെ ആറ്‌ ജില്ലാ കമ്മിറ്റി ഓഫീസുകളാണ്‌ അടിച്ചുതകർത്തത്‌. പാർടി പ്രവർത്തകരെ ആൺപെൺ ഭേദമില്ലാതെ ആക്രമിച്ചു. അവർക്ക്‌ വീട്ടിൽ കയറാനോ പുറത്തിറങ്ങി നടക്കാനോ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചു. ത്രിപുരയിലേത്‌ സിപിഐ എമ്മിന്റെ മാത്രം പ്രശ്‌നമായി കാണരുത്‌. ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന പൗരാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്‌ അവിടെ നടക്കുന്നത്‌. അവരവിടെ മുസോളിനിയുടെ സംഘടനാരീതിയും ഹിറ്റ്‌ലറുടെ ആശയങ്ങളും നടപ്പാക്കുന്നു. ത്രിപുരയിൽ ജനാധിപത്യം പുനസ്ഥാപിക്കാനുള്ള പോരാട്ടങ്ങൾ വിജയിക്കുക തന്നെ ചെയ്യുമെന്നും വൈക്കം വിശ്വൻ പറഞ്ഞു. Read on deshabhimani.com

Related News