വിലക്കുറവിൽ സാധനങ്ങൾ വീട്ടുമുറ്റത്തേക്ക്‌



കോട്ടയം പലചരക്ക്‌ സാധനങ്ങൾ വീട്ടുമുറ്റത്ത്‌ കിട്ടിയാലോ? അതും വിലക്കുറവിൽ. അതിനവസരമൊരുക്കുകയാണ്‌ സപ്ലൈകോ. സഞ്ചരിക്കുന്ന മാവേലി സ്‌റ്റോർ ആളുകൾ ഉള്ളിടത്തേക്ക്‌ സാധനങ്ങളുമായി എത്തുന്നു. സാധനങ്ങൾ വാങ്ങാൻ പുറത്തുപോകുന്നവർക്ക്‌ യാത്രാചെലവും ലാഭം. 13 നിത്യോപയോഗ സാധനങ്ങൾക്ക്‌ അഞ്ചുവർഷവും വിലകൂടില്ലെന്ന ഒന്നാം പിണറായി സർക്കാരിന്റെ  വാഗ്‌ദാനം പാലിച്ച്‌ സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയപ്പോഴും വിലയിൽ മാറ്റമില്ല.   ചെറുപയർ, ഉഴുന്ന്‌ ബോൾ, വൻകടല, വൻപയർ, തുവര പരിപ്പ്‌, മുളക്‌, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറവഅരി, മട്ടഅരി, പച്ചരി, എന്നിവയാണ്‌ ഇനങ്ങൾ. 88 രൂപയായിരുന്ന വെളിച്ചെണ്ണയ്‌ക്ക് ജിഎസ്‌ടി ഏർപ്പെടുത്തിയതിനാൽ മാത്രം 92 രൂപയായി. അതേസമയം, മല്ലി വില 92 ൽനിന്ന്‌ 79 ആയി കുറഞ്ഞു.   ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആണ്‌ കഴിഞ്ഞദിവസം സഞ്ചരിക്കുന്ന മാവേലിസ്‌റ്റോർ പദ്ധതി പ്രഖ്യാപിച്ചത്‌. സംസ്ഥാനത്തെ അഞ്ച് മേഖലകളിലുള്ള 52 ഡിപ്പോകളിൽ ഇതിനായി സാധനങ്ങൾ സംഭരിച്ചു. ജില്ലയിൽ വൈക്കം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ  പദ്ധതി തുടങ്ങി. ബുധൻ മുതൽ കോട്ടയം താലൂക്കിലും വണ്ടി എത്തും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ കാർഡുടമകൾക്കും റേഷൻ കാർഡ്‌ മുഖേന  സബ്‌സിഡി സാധനങ്ങൾ കിട്ടും. കൂടാതെ ശബരി ഉൽപ്പന്നങ്ങളും വാഹനത്തിലുണ്ടാകും.    വിലക്കയറ്റം തടയാൻ സബ്‌സിഡി സാധനങ്ങൾ ജനങ്ങളിലേക്ക്‌ നേരിട്ട്‌ എത്തിക്കുന്നതാണ്‌ പദ്ധതി. 1,800 സപ്ലൈകോ വിൽപ്പനശാലയ്‌ക്ക്‌ പുറമെയാണ്‌  മൊബൈൽ മാവേലി സേവനം. സൂപ്പർ മാർക്കറ്റുകൾ, മാവേലി സ്‌റ്റോറുകൾ ഇല്ലാത്ത സ്ഥലങ്ങൾക്ക്‌ മുൻഗണനയുണ്ടാകും. Read on deshabhimani.com

Related News