‘അപ്പൂന്‌ ’ ബസിൽ കയറണ്ട; രതീഷിനെ കണ്ടാൽ മതി



കോട്ടയം കോട്ടയം -–-അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വിലിൻ ബസ് തിരുനക്കര സ്റ്റാൻഡിലെത്തുമ്പോൾ കണ്ടക്‌ടറെ കാത്ത്‌ ബസ്‌ കയറാനല്ലാതെ അവൻ നിൽപ്പുണ്ടാകും. അത്‌ മറ്റാരുമല്ല ഒരു തെരുവ്‌ നായ.    രാവിലെ 6.30-ന് ആദ്യ ട്രിപ്പെടുക്കാൻ കണ്ടക്ടർ കുടമാളൂർ സ്വദേശി രതീഷ് ബസിൽ നിന്നിറങ്ങി വരുമ്പോൾ കാത്തുനിന്ന നായ ഓടിച്ചെന്ന് വാലാട്ടി ദേഹത്തേക്ക് ചാടിക്കയറും. പിന്നെ രണ്ടുപേരും അടുത്ത കടയിലേക്ക്. ചായയും ബിസ്‌ക്കറ്റും വാങ്ങി നായയ്‌ക്ക് കൊടുക്കും. എന്നിട്ടേ രതീഷ് ചായ കുടിക്കൂ. നായയുടെ സ്നേഹപ്രകടനം കാണേണ്ടത്‌ തന്നെയാണെന്ന്‌ ബസ്‌ കാത്തുനിൽക്കുന്നവരും കടക്കാരും പറയുന്നു. തെരുവ് നായ്ക്കൾ ആളുകളെ കടിച്ചുകീറുന്ന വാർത്തയാണ്‌ നാട്ടിലാകെ. കോട്ടയം, ജാക്വിലിൻ ബസ് , കണ്ടക്‌ടറെ കാത്ത്‌ എന്നാൽ ഇവിടെ തെരുവ് നായയും സ്വകാര്യ ബസ് കണ്ടക്ടറും തമ്മിലുള്ള ചങ്ങാത്തമാണ്‌ കൗതുകം.    എവിടെ നിന്നോ വന്ന് തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌ താവളമാക്കിയ നായയാണ് ഇവിടെ താരം. നായയ്‌ക്ക്‌ അപ്പു എന്നാണ് രതീഷ് ഇട്ട പേര്‌. രതീഷ് ഉച്ചത്തിൽ മെഡിക്കൽ കോളേജ് എന്നു വിളിച്ച് യാത്രക്കാരെ കയറ്റുമ്പോൾ ആ ശബ്ദം കേട്ട്‌ അപ്പു എവിടെയാണെങ്കിലും ഓടിയെത്തും. തിങ്ങിനിറഞ്ഞ യാത്രക്കാർക്കിടയിലൂടെ നടന്നുനീങ്ങുന്ന നായ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. ഒന്ന്‌ കുരയ്ക്കുകപോലും ചെയ്യില്ലെന്നാണ്‌ കടക്കാർ പറയുന്നത്‌.  നാടാകെ തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ ഈ അപൂർവ സൗഹൃദം വേറിട്ടതാകുകയാണ്‌. Read on deshabhimani.com

Related News