മോഷ്ടിച്ച സ്കൂട്ടറിലെത്തി വയോധികയുടെ 
ആഭരണങ്ങൾ കവർന്ന പ്രതികൾ പിടിയിൽ



പാലാ  മോഷ്ടിച്ച സ്കൂട്ടറിൽ മാമ്പഴം ചോദിച്ചെത്തി പകൽ വീടിനുള്ളിൽ കയറി വയോധികയുടെ ആഭരണങ്ങൾ കവർന്ന മൂന്നുപേർ കൂടി പിടിയിൽ. തൊടുപുഴ വെള്ളിയാമറ്റം ഇളംദേശം കൊള്ളിയിൽ അജേഷ്(19), മധുരയിൽ ആഭരണം വിൽക്കാൻ സഹായിച്ച പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ചുരന്നൂർ നരിയിടകണ്ടിൽ രാമചന്ദ്രൻ(57) എന്നിവരെയാണ് പാലാ പൊലീസ് തമിഴ്‌നാട്‌ മധുര തിരുപ്പതിയിൽനിന്ന് അറസ്റ്റ് ചെയ്തത്. മോഷണത്തിൽ ഉൾപ്പെട്ട തൊടുപുഴ നെടിയപാറ സ്വദേശി ജോമേഷ് ജോസഫിനെ മറ്റൊരു കേസിൽ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്നു. ഇയാളെ ഈ കേസിലും അറസ്‌റ്റ്‌ ചെയ്‌തു.  പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് രക്ഷപ്പെട്ട പ്രതി ഉപേക്ഷിച്ച സ്കൂട്ടർ പൊള്ളാച്ചി ബസ്‌ സ്റ്റാൻഡ് ഭാഗത്തുനിന്ന്‌ പൊലീസ് കണ്ടെത്തി. പൊൻകുന്നം സ്വദേശിയായ സ്ത്രീ പാലാ നെല്ലിയാനി കുഴിമൂലയിൽ ബിജോ(40) എന്നയാൾക്ക് പണയംവച്ച സ്കൂട്ടർ കഴിഞ്ഞ മെയ് 22നാണ് പ്രതികളായ അജേഷും ജോമേഷും ചേർന്ന് മോഷ്ടിച്ചത്. ഇത് സംബന്ധിച്ച് പാലാ പൊലീസിൽ ബിജോ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇതേ സ്കൂട്ടറിലെത്തിയാണ് മറ്റ് കൂട്ടാളികളുമായി ചേർന്ന് ഉഴവൂർ സ്വദേശിനിയായ വയോധികയുടെ വീട്ടിൽ കവർച്ച നടത്തിയതെന്ന് വ്യക്തമായത്.  ഇവരുടെ ആറ് വളകളും രണ്ട് മോതിരവും എടുത്ത പ്രതികൾ സ്കൂട്ടറിൽ കടക്കുകയായിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷകസംഘമാണ് മറ്റ് പ്രതികളെ പിടികൂടിയത്.  കാൻസർ ചികിത്സയ്ക്കുള്ള ചാരിറ്റി പ്രവർത്തനത്തിന്റെ മറവിലാണ് പ്രതികൾ മോഷണത്തിനുള്ള വീടുകൾ തെരഞ്ഞെടുക്കുന്നത്. പാലാ ഡിവൈഎസ്‌പി എ ജെ തോമസിന്റെ മേൽനോട്ടത്തിൽ പാലാ എസ്എച്ച്ഒ കെ പി ടോംസൺ, കുറവിലങ്ങാട് എസ്എച്ച്ഒ നിർമൽ ബോസ് എന്നിവരുടെ നേതൃത്തത്തിൽ പാലാ എഎസ്ഐ ബിജു കെ തോമസ്, സിപിഒമാരായ സി രഞ്ജിത്ത്, അരുൺകുമാർ ഈരാറ്റുപേട്ട സ്റ്റേഷൻ സിപിഒ ജോബി ജോസഫ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ബുധനാഴ്ച പാലാ കോടതിയിൽ ഹാജരാക്കും. Read on deshabhimani.com

Related News