നാടൻ പന്തുകളി: മീനടം പഞ്ചായത്ത് 
ഭരണസമിതി വെട്ടിച്ചത് 3.80 ലക്ഷം



പുതുപ്പള്ളി   മീനടം പഞ്ചായത്തിൽ നാടൻ പന്തുകളിയുടെ മറവിൽ കോൺഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്നത് വൻ അഴിമതി. മീനടം  ജനതയുടെ വികാരമായ നാടൻപന്തുകളിയെ മുതലാക്കി ലക്ഷങ്ങളുടെ തട്ടിപ്പാണ് ഭരണസമിതി  നടത്തിയത്.  വിവിധ വർഷങ്ങളിലായി 3.80 ലക്ഷം രൂപയാണ് ഭരണസമിതികൾ വെട്ടിച്ചത്. നാടൻപന്തുകളി പ്രോത്സാഹനം എന്ന പേരിൽ 2012 മുതൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നടത്തിയ അഴിമതിയുടെ  വിവരാവകാശ രേഖകളാണ് ഇപ്പോൾ പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. മീനടത്തെ നാടൻ പന്തുകളി ടീമിനെ ഏറ്റെടുത്ത പഞ്ചായത്ത് ഭരണ സമിതി 2012 മുതൽ വിവിധ ഘട്ടങ്ങളിലായി വകയിരുത്തിയത് 3.80 ലക്ഷം രൂപയാണ്.  എന്നാൽ പന്തുകളിയുമായി ബന്ധപ്പെട്ട് വിനിയോഗിച്ചത് 1.20 ലക്ഷം  മാത്രം.   തുകവെട്ടിച്ചത്‌ വ്യാജ 
രസീതുകൾ ഉപയോഗിച്ച്‌  കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ  രസീത് നമ്പർ 1166, 2018 ആഗസ്‌ത്‌  13 ന് കോച്ചിങ് ഫീസിനത്തിൽ  7500 രൂപയും. 2019 ജനുവരി 4 ന് രസീത് നമ്പർ 1197 ൽ  7500 രൂപയുമടക്കം രണ്ടുരസീതുകളിൽ നിന്നായി 15000 രൂപ 2014-–-15 കാലയളവിലെ ഫെഡറേഷൻ സെക്രട്ടറി ജീമോൻ വെള്ളൂർ കൈപ്പറ്റിയതായുള്ള രേഖകളാണ് പഞ്ചായത്തിൽ സമർപ്പിച്ചത്.  എന്നാൽ  ഒരു രൂപ പോലും  കൈപറ്റിയിട്ടില്ലന്ന് ജീമോൻ പറഞ്ഞു. രസീതുകളും സീലുകളും ജീമോന്റെ പേരിൽ ഇട്ടിരിക്കുന്ന ഒപ്പുകളും വ്യാജമാണെന്നും  കണ്ടെത്തി. മെമ്പേഴ്‌സ് രജിസ്ട്രേഷൻ ഫീസായി 4000 രൂപയും 2017 സെപ്റ്റംബർ 4 ന് 10000 രൂപയും, കോച്ചിങ് ഫീസ് ഇനത്തിൽ 10, 000 രൂപയും ഉൾപ്പെടെ 24000 രൂപ മീനടം ടീമിന്റെ അന്നത്തെ ക്യാപ്റ്റൻ ജെയിംസ് മീനടത്തിന്റെ കൈയിൽ നിന്ന് ഫെഡറേഷൻ ട്രഷറർ ഷാജി സ്കറിയ  കൈപ്പറ്റിയെന്ന രേഖകളും  സമർപ്പിച്ചിട്ടുണ്ട്‌.  ഷാജി തുകയൊന്നും കൈപറ്റിയിട്ടില്ല.  2019ൽ   9000 രൂപ ഫെഡറേഷൻ സെക്രട്ടറി ഒപ്പിട്ട് വാങ്ങിയതായിട്ടുണ്ട്‌ .   കോച്ചിങ് ഫീസിനത്തിൽ  27000 രൂപയും  കൈപ്പറ്റിയതായി രേഖയുണ്ട്‌. എന്നാൽ  സെക്രട്ടറിയായിരുന്ന കെ എസ് സന്ദീപ്‌  ഇത്‌ നിഷേധിക്കുകയും അദ്ദേഹത്തിന്റെതായ  ഒപ്പുകൾ  വ്യാജമാണെന്നും  വ്യക്തമാക്കി.  എ ജി ജയന്റെ  പരിശീലന ഫീസായി   18000 രൂപ കൈപ്പറ്റിയതായുള്ള രേഖയും വ്യാജം.  ടീം അംഗങ്ങൾക്കായി ഒരു പന്തു പോലും വാങ്ങി നൽകാത്ത ഭരണസമിതി പണം  വ്യാജ രേഖകൾ സമർപ്പിച്ച് പണം തട്ടുകയായിരുന്നു. കോവിഡ് കാലത്തും പരിശീലനത്തിന്റെ പേരിൽ  പണം കൈപ്പറ്റി. പന്തുകളിയുമായി ബന്ധമില്ലാത്ത കോൺഗ്രസ് നേതാവിന്റെ പേരിലും പണം രേഖാമൂലം കൈപ്പറ്റിയതായി വിവരാകാശ രേഖകൾ  വ്യക്തമാക്കുന്നു. Read on deshabhimani.com

Related News