കോട്ടയം, പൂഞ്ഞാർ ഭാഗങ്ങളിലേയ്ക്ക് കെഎസ്ആർടിസി രാത്രി സർവീസുകൾ ക്രമീകരിക്കണം



പാലാ കെഎസ്ആർടിസി പാലാ ഡിപ്പോയിൽനിന്ന് രാത്രി പത്തിന് ശേഷം കോട്ടയം, ഈരാറ്റുപേട്ട, പൂഞ്ഞാർ ഭാഗങ്ങളിലേക്ക്‌ സമയം ക്രമീകരിച്ച് ബസ് സർവീസുകൾ അയക്കണമെന്ന് മീനിച്ചിൽ താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു. പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിൽ ബസുകളുടെ ഷെഡ്യൂൾ സർവീസ് വിവരങ്ങളും ഉൾപ്പെടുത്തി ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കണമെന്നും യോഗം കെഎസ്ആർടിസി അധികൃതരോട് നിർദേശിച്ചു. പാലായിൽനിന്ന് കോട്ടയത്തിന് രാത്രി 10നും 10.30നും ഇടയിലും ഈരാറ്റുപേട്ട, പൂഞ്ഞാർ ഭാഗങ്ങളിലേക്ക്‌ രാത്രി 10നും 11നും ഇടയ്ക്കും ഓരോ സർവീസ് ക്രമീകരിക്കാനാണ് നിർദേശം. സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളിൽനിന്ന് പാലാ–- ഈരാറ്റുപേട്ട വഴി പോകുന്ന ബസുകളുടെ വിവരവും സർവീസ് റദ്ദാക്കിയ വിവരങ്ങളും ബോർഡിൽ പ്രദർശിപ്പിക്കണം. ഇത് സംബന്ധിച്ച നടപടികൾ അടുത്ത യോഗത്തിൽ അറിയിക്കണമെന്ന് പാലാ ആർഡിഒ എടിഒമാരോട് നിർദേശിച്ചു. വികസനസമിതിയംഗം പീറ്റർ പന്തലാനിയാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്.  ഇല്ലിക്കല്ല് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് വൈദ്യുതി എത്തിക്കാൻ 1,700 മീറ്റർ ദൂരം ലൈൻ സ്ഥാപിക്കാൻ 3,56,499 രൂപ ചെലവിൽ പദ്ധതി നടപ്പാക്കുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ യോഗത്തിൽ അറിയിച്ചു. ഭക്ഷ്യ വിഷബാധ തടയാൻ താലൂക്കിലെ 23 പഞ്ചായത്തുകളിലെയും പാലാ, ഈരാറ്റുപേട്ട നഗരസഭയിലെയും സെക്രട്ടറിമാരുടെയും മുഴുവൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും മൂന്ന് നിയോജക മണ്ഡലത്തിലെ ഫുഡ് സേഫ്റ്റി ഓഫീസർമാരുടെയും സംയുക്തയോഗം  വിളിച്ചു ചേർക്കും. പീറ്റർ പന്തലാനി അധ്യക്ഷനായി. പാലാ ആർഡിഒ ആർ രാജേന്ദ്രബാബു, തഹസിൽദാർ സുനിൽകുമാർ, ജോസുകുട്ടി പൂവേലി, ജനപ്രതിനിധികൾ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News