അപകടനിയന്ത്രണത്തിന്‌ പാലായിൽ ഗതാഗത പരിഷ്കാരങ്ങൾ



പാലാ  വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കാൻ നഗരസഭ ട്രാഫിക്‌ കമ്മിറ്റി തീരുമാനം. റിവർവ്യു റോഡിൽ ബസ്‌ സ്റ്റാൻഡിന്റെ പ്രവേശനകവാടത്ത് സൂചക ബോർഡ്, റോഡ് റിപ്പിൾസ്, നടപ്പാത വേർതിരിക്കാൻ ബാരിക്കേഡ് എന്നിവ സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു. നഗരസഭാ പരിധിയിൽ റോഡിലെ മാഞ്ഞുപോയ സീബ്രാ ലൈനുകൾ തെളിയിക്കും. പ്രധാനനിരത്തിൽനിന്ന് ആനിത്തോട്ടം ജങ്‌ഷനിൽനിന്നുള്ള പ്രവേശന കവാടത്തിൽ ഉയരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ക്രോസ് ബാരിയറും ഉടൻ സ്ഥാപിക്കും. നഗരത്തിലെ ഓട്ടോറിക്ഷ ഗതാഗതം, പാർക്കിങ്, സ്റ്റാൻഡ്‌ പെർമിറ്റ് എന്നീ നിയന്ത്രണങ്ങൾക്കായി ഓട്ടോറിക്ഷ കമ്മിറ്റി വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരും. മഹാറാണി ജങ്‌ഷനിലെ ഗർത്തം പരിഹരിച്ച് പൊട്ടിയ സ്ലാബ് മാറ്റി സ്ഥാപിക്കാനും പിഡ ബ്ല്യുഡിക്ക് നിർദേശം നൽകി. റിവർ വ്യൂ റോഡിലെ അനധികൃത വാഹന പാർക്കിങ് നിയന്ത്രിക്കാൻ ശനി മുതൽ നടപടി ഉണ്ടാകും. റോഡിൽ വാഹനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റാൻ നഗരസഭ ഹെൽത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി. ഇടിമണ്ണിക്കൽ ജ്വല ്ലറി, പുളിമൂട്ടിൽ സിൽക്സ് എന്നീ സ്ഥാപനങ്ങൾക്ക് മുന്നിലെ പാർക്കിങ് ഏരിയയിൽനിന്ന് നടപ്പാതയിലേയ്ക്ക് ഇറക്കി വാഹനങ്ങൾ പാർക്കുചെയ്യുന്നത് പൊലീസ് നിരീക്ഷിക്കും. ഈരാറ്റുപേട്ടയിൽനിന്ന്‌ പാലായിലേക്ക് വരുന്ന വാഹനങ്ങൾക്ക് മഹാറാണി ജങ്‌ഷനുസമീപം ബസ് സ്റ്റോപ്പ് അനുവദിക്കാനായി പിഡബ്ല്യുഡി, പൊലീസ്, നഗരസഭ സംയുക്ത സമിതി പരിശോധന നടത്തി നടപടി സ്വീകരിക്കും. നഗരസഭാ ചേമ്പറിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ ജോസിൻ ബിനോ അധ്യക്ഷയായി. കൗൺസിലർ അഡ്വ. ബിനു പുളിക്കകണ്ടം, പൊലീസ്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, തഹസിൽദാർ, പിഡബ്ല്യുഡി എൻജിനിയർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News