ഓടിക്കൂ, ഫുൾ ചാർജായി

ശാസ്ത്രി റോഡിലെ കെഎസ്ഇബി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനിൽ ഓട്ടോറിക്ഷ ചാർജ് ചെയ്യാനെത്തിയ ആൾ


  കോട്ടയം അന്തരീക്ഷ മലിനീകരണമില്ലാത്ത ഇലക്‌ട്രിക്‌ വാഹനങ്ങൾ റോഡുകളിൽ നിറയുന്ന കാലം വിദൂരമല്ല.  ഇലക്‌ട്രിക് വാഹനങ്ങൾക്ക്‌ യാത്രക്കിടെ ചാർജ്‌ ചെയ്യാനുള്ള സൗകര്യങ്ങൾ എല്ലായിടത്തും ഒരുക്കുകയാണ്‌ സർക്കാർ.        ജില്ലയിൽ ഇതുവരെ 51 പോൾ മൗണ്ടഡ്‌ ചാർജിങ്‌ പോയിന്റുകളും  (ഇലക്‌ട്രിക്ക്‌പോസ്‌റ്റിൽ സ്ഥാപിച്ച ചാർജിങ്‌ യൂണിറ്റ്‌) മൂന്ന്‌ അതിവേഗ ചാർജിങ്‌ സ്‌റ്റേഷനുകളും സ്ഥാപിച്ചു . ഇലക്‌ട്രിക്‌ കാറുകൾക്കും ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കും  ചാർജ്‌ തീരുമെന്ന പേടിയില്ലാതെ ഓടാം.   കോട്ടയം ശാസ്‌ത്രി റോഡ്‌, പള്ളം ടിഎംആർ, മെഡിക്കൽ കോളേജിന്‌ സമീപം എന്നിവിടങ്ങളിലാണ്‌ കാറുകൾക്കുള്ള അതിവേഗ ചാർജിങ്‌ സ്‌റ്റേഷൻ. ഇലക്‌ട്രിക്‌ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പോൾ മൗണ്ടഡ്‌ ചാർജിങ്‌ പോയിന്റുകളിലും ചാർജ്‌ ചെയ്യാം. കൂടുതൽ ചാർജിങ്‌ സ്‌റ്റേഷനുകൾ സ്ഥാപിക്കാനാണ്‌ കെഎസ്‌ഇബിയുടെ ശ്രമം. ഒരു ഫാസ്‌റ്റ്‌ ചാർജിങ്‌ സ്‌റ്റേഷൻ സ്ഥാപിക്കാൻ 60 ലക്ഷം രൂപയാണ്‌ ചെലവ്‌. ഒരു സ്‌റ്റേഷനിൽ നാല്‌ കാറും മൂന്ന്‌ ഇരുചക്ര വാഹനവുമടക്കം ഏഴ്‌ വാഹനങ്ങൾ ഒരേസമയം ചാർജ്‌ ചെയ്യാം. പോൾ മൗണ്ടഡ്‌ പോയിന്റ്‌ സ്ഥാപിക്കാൻ 32,000 രൂപയാണ്‌ ചെലവ്‌. എങ്ങനെ ചാർജ്‌ ചെയ്യാം  ഇലക്‌ട്രിക്‌ ചാർജിങ്‌ സ്‌റ്റേഷനിൽ വാഹനം ചാർജ്‌ ചെയ്യാൻ സ്‌മാർട്ട്‌ ഫോണും ഇന്റർനെറ്റും നിർബന്ധമാണ്‌. കാറുകളുടെ ഫാസ്‌റ്റ്‌ ചാർജിങ്ങിന്‌ HIEV India എന്ന ആപ്പ്‌ ഡൗൺലോഡ്‌ ചെയ്യണം. അതിലെ വാലറ്റിൽ  തുക നിക്ഷേപിക്കണം. ഈ തുകയാണ്‌ ചാർജിങ്ങിന്‌ ഉപയോഗിക്കേണ്ടത്‌. ചാർജിങ്‌ സെന്ററിലെത്തി വാഹനം കണക്‌ട്‌ ചെയ്‌ത ശേഷം അവിടെയുള്ള ക്യുആർ കോഡ്‌ വഴി ആപ്പിൽ കയറി ചാർജ്‌ ചെയ്യാം. ആപ്പ്‌ വഴി തന്നെ തുകയും അടയ്‌ക്കാം. പോൾ മൗണ്ടഡ്‌ ചാർജിങ്‌ പോയിന്റിൽ ചാർജ്‌ ചെയ്യാൻ ChargeMod എന്ന ആപ്പാണ്‌ ഉപയോഗിക്കേണ്ടത്‌. ചാർജ്‌ ചെയ്‌തതിന്റെ ബിൽ വാട്‌സാപ്പിലും ഇ–-മെയിലിലും ലഭിക്കും. ചാർജിങ്‌ അതിവേഗം അതിവേഗ ചാർജിങ്‌ സ്‌റ്റേഷനുകളിൽ ഇലക്‌ട്രിക്‌ കാർ ഏകദേശം ഒരുമണിക്കൂർ കൊണ്ട്‌ ഫുൾ ചാർജാക്കാം. വീട്ടിൽ ചാർജ്‌ ചെയ്യുമ്പോൾ ഇതിന്‌ ആറോ ഏഴോ മണിക്കൂറെടുക്കും. ഒരു യൂണിറ്റിന്‌ 15 രൂപയാണ്‌ ഈടാക്കുന്നത്‌. ഏകദേശം 30–-35 യൂണിറ്റ്‌കൊണ്ട്‌ കാർ ഫുൾ ചാർജാകും. ഫുൾചാർജിൽ 160–-170 കിലോമീറ്റർ സഞ്ചരിക്കാനാകും. വാഹനത്തിന്റെ നിലവാരമനുസരിച്ച്‌ കിലോമീറ്ററിൽ വ്യത്യാസം വരാം.   സ്‌കൂട്ടറുകൾ ഏകദേശം ഒന്നര മണിക്കൂർകൊണ്ട്‌ മുഴുവൻ ചാർജാകും. വീട്ടിലാണെങ്കിൽ   നാല്‌ മണിക്കൂറോളം എടുക്കും. ഒരു യൂണിറ്റിന്‌ 9.60 രൂപയാണ്‌ ചാർജ്‌. ഏകദേശം 30 യൂണിറ്റ്‌ കൊണ്ട്‌ ഫുൾ ചാർജാകും. വാഹനത്തിന്റെ  ക്ഷമതയനുസരിച്ച്‌ 150 മുതൽ 200 കിലോമീറ്റർ വരെ ഫുൾചാർജിൽ ഓടിക്കാം.    ഇന്ധനവില കൂടുന്ന സാഹചര്യത്തിൽ ആളുകൾ ഇലക്‌ട്രിക്‌ വാഹനങ്ങളിലേക്ക്‌  മാറുന്നുണ്ടെന്നാണ്‌ സർക്കാർ വിലയിരുത്തൽ. മലിനീകരണമില്ലാത്ത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സർക്കാർ ചാർജിങ്‌ സ്‌റ്റേഷനുകൾ സജ്ജമാക്കുന്നത്‌.     Read on deshabhimani.com

Related News