ഈരാറ്റുപേട്ട–വാഗമൺ റോഡ് ഉദ്ഘാടനം 7ന്‌

നവീകരിച്ച ഈരാറ്റുപേട്ട–- വാഗമൺ റോഡ്


  കോട്ടയം  ആധുനികനിലവാരത്തിൽ ബിഎം ആൻഡ് ബിസി റീടാറിങ് നടത്തി നവീകരിച്ച ഈരാറ്റുപേട്ട–- വാഗമൺ റോഡ് ബുധനാഴ്‌ച നാടിന്‌ സമർപ്പിക്കും. വൈകിട്ട്‌ നാലിന്‌ ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ പൊതുമരാമത്ത്, ടൂറിസം  മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് ഉദ്‌ഘാടനംചെയ്യും. സഹകരണ, രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എംപി, വാഴൂർ സോമൻ എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളാകുമെന്നും സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 കോടി രൂപ വിനിയോഗിച്ചാണ്‌ റോഡ്‌ നവീകരിച്ചതെന്ന്‌ എംഎൽഎ പറഞ്ഞു. 20 വർഷത്തിലധികമായി റോഡ്‌ തകർന്നുകിടന്നത്‌ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സർക്കാർ ബിഎം ആൻഡ് ബിസി റീടാറിങ്ങിന് 20 കോടി അനുവദിച്ചു. എന്നാൽ കരാർ ഏറ്റെടുത്തയാൾ പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കിയില്ല. തുടർന്ന് കരാറുകാരനെ ടെർമിനേറ്റുചെയ്ത് റീടെൻഡർ വിളിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിച്ചു. മികച്ചനിലവാരത്തിൽ സമയബന്ധിതമായി അവർ പ്രവർത്തി പൂർത്തീകരിച്ചു. റോഡ് പുനരുദ്ധാരണം നടത്തിയതോടെ വാഗമണ്ണിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് പതിന്മടങ്ങായി.  അടുത്തഘട്ടമായി റോഡ് വീതികൂട്ടി ടാർ ചെയ്യാൻ 64 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടി അന്തിമഘട്ടത്തിലാണ്. ഒരുവർഷത്തിനുള്ളിൽ റോഡ്‌ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ഇതോടൊപ്പം മുണ്ടക്കയം- കൂട്ടിക്കൽ- ഏന്തയാർ വഴി വാഗമണ്ണിൽ എത്തുന്ന സമാന്തരപാതയ്ക്ക് 12 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഉദ്‌ഘാടന ചടങ്ങിന്‌ മുന്നോടിയായി വാഗമണ്ണിൽനിന്ന്‌ ഈരാറ്റുപേട്ടയിലേക്ക് വിളംബരറാലി നടത്തും. വിശിഷ്ടാതിഥികളെ അരുവിത്തുറ പള്ളി ജങ്‌ഷനിൽനിന്ന്‌ വാദ്യമേളങ്ങളോടെ സമ്മേളനവേദിയിലേക്ക് ആനയിക്കും. രാഷ്‌ട്രീയ പാർടി പ്രതിനിധികളും ജനപ്രതിനിധികളും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നും എംഎൽഎ പറഞ്ഞു.  സമ്മേളനത്തിനുശേഷം ഗാനമേളയും ഉണ്ടാകും.     Read on deshabhimani.com

Related News