കൊല്ലാട് പാറക്കൽകടവ്‌ വീണ്ടെടുക്കാൻ ഡിവൈഎഫ്ഐ

പരിസ്ഥിതിദിനത്തിനോടനുബന്ധിച്ച് ഡിവൈഎഫ്ഐ ജില്ലാ പരിപാടി കൊല്ലാട് പാറക്കൽകടവിൽ 
മരത്തെെ നട്ട് സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനംചെയ്യുന്നു


  പുതുപ്പള്ളി  ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ ജില്ലാതല പരിപാടി കൊല്ലാട് പാറക്കൽകടവിൽ നടന്നു. പാറക്കൽ കടവിന്റെ സൗന്ദര്യം വീണ്ടെടുക്കാൻ ഒരാഴ്ചനീളുന്ന കർമ പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനംചെയ്‌തു. നൂറുകണക്കിന് ആളുകൾ ദിവസവും വിനോദത്തിനായി എത്തിയിരുന്ന പ്രദേശം വർഷങ്ങളായി കാടുപിടിച്ച് വൃത്തിഹീനമായി കിടക്കുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് ടൂറിസം വകുപ്പിൽനിന്ന്‌ 50 ലക്ഷം രൂപ മുടക്കി അനധികൃതമായി നടപ്പിലാക്കിയ പദ്ധതികൾ ഹൈക്കോടതി ഉത്തരവുപ്രകാരം പൊളിച്ചുമാറ്റിയിരുന്നു. സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നടത്തിയ നിർമാണപ്രവർത്തനം പൊളിച്ചുമാറ്റിയതിലൂടെ ലക്ഷക്കണക്കിന് രൂപയും നഷ്ടമായി.     വിവാഹ, സിനിമ സീരിയൽ ഷൂട്ടിങ്ങുകാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ് പാറക്കൽകടവ്. യോഗത്തിൽ ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ സിജിത്ത് കുന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ മഹേഷ്‌ ചന്ദ്രൻ, ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ, ജില്ലാ ട്രഷറർ സതീഷ് വർക്കി, സിപിഐ എം കൊല്ലാട് ലോക്കൽ സെക്രട്ടറി സി വി ചാക്കോ, പുതുപ്പള്ളി ഏരിയ കമ്മിറ്റി അംഗം പി സി ബെഞ്ചമിൻ, കൊല്ലാട് ലോക്കൽ കമ്മിറ്റിയംഗം കെ രാജേഷ്, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി അനീഷ് അന്ത്രയോസ്, പുതുപ്പള്ളി ബ്ലോക്ക്‌ സെക്രട്ടറി റോജിൻ റോജോ, ജില്ലാ കമ്മിറ്റി അംഗം സൂര്യ പി സുനിൽ,   ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മനു പി മോഹൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News