ഫെഡറൽ ബാങ്കിന്‌ മുന്നിൽ 
നെൽകർഷകരുടെ പ്രതിഷേധം ഇന്ന്‌



  കോട്ടയം നെൽകർഷകരെ ചൂഷണം ചെയ്യുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി കർഷകസംഘം. ഇതിന്റെ ഭാഗമായി നെൽകർഷകരുടെ നേതൃത്വത്തിൽ കോട്ടയം ചന്തക്കവലയിലെ ഫെഡറൽ ബാങ്ക്‌ ഓഫീസിന്‌ മുന്നിൽ പകൽ 10.30ന്‌ പ്രതിഷേധസമരം നടത്തും. സംസ്ഥാന കമ്മിറ്റിയംഗം പി എൻ ബിനു ഉദ്‌ഘാടനംചെയ്യും.   സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നൽകാനായി എസ്‌ബിഐ, കനറാ ബാങ്ക്‌, ഫെഡറൽ ബാങ്ക്‌ എന്നിവയുടെ കൺസോർഷ്യം രൂപീകരിച്ചു. സപ്ലൈകോയുടെ നിർദേശമനുസരിച്ച്‌ പിആർഎസ്‌ ഇതിൽ ഏതെങ്കിലും ബാങ്കിലേക്ക്‌ കൈമാറുകയും ചെയ്യും. ഇതിനാൽ ബാങ്കുകളിൽ പുതിയ അക്കൗണ്ട്‌ തുടങ്ങേണ്ട അവസ്ഥയാണ്‌ കർഷകർക്ക്‌. സീറോ ബാലൻസ്‌ അക്കൗണ്ടുകൾ തുറക്കാമെന്ന്‌ ബാങ്കുകൾ പറയുമ്പോഴും ഫെഡറൽ ബാങ്കിൽ 3000 രൂപ നൽകേണ്ട സാഹചര്യമാണ്‌. മുൻ കാലങ്ങളിൽ ബാങ്കുകളെ തെരഞ്ഞെടുക്കാൻ കർഷകർക്ക്‌ അവകാശമുണ്ടായിരുന്നു. എന്നാൽ കൺസോർഷ്യം രൂപീകരിച്ചതോടെ ആ അവകാശം നിഷേധിക്കപ്പെട്ടു.  കഴിഞ്ഞ സാമ്പത്തികവർഷം നെല്ലിന്റെ വില സപ്ലൈകോ കർഷകരുടെ അക്കൗണ്ടിൽ നേരിട്ട്‌ നൽകുകയായിരുന്നു. ഈ വിലവിതരണം തന്നെ തുടരണമെന്നും കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
 എല്ലാ മേഖലയിലും ചൂഷണത്തിന്‌ വിധേയമാകുന്ന കർഷകനെ കൺസോർഷ്യത്തിന്റെ പേരിൽ ബാങ്കുകൾ കൊള്ളയടിക്കുകയാണ്‌. ഇതിനെതിരെ കർഷകസംഘം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇതിന്റെ ഭാഗമായാണ്‌ ഫെഡറൽ ബാങ്കിന്‌ മുന്നിലുള്ള സമരമെന്നും നേതാക്കൾ പറഞ്ഞു.     Read on deshabhimani.com

Related News