കെപിപിഎൽ കുതിക്കും; ബജറ്റിൽ 20 കോടി



കോട്ടയം സംസ്ഥാന ബജറ്റിൽ അനുവദിച്ച 20 കോടി രൂപയിലൂടെ പുതിയ കുതിപ്പിനൊരുങ്ങി വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡ്‌(കെപിപിഎൽ). സ്ഥാപനത്തിന്റെ സാങ്കേതികവിദ്യാ നവീകരണം, ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, ഐടി സൗകര്യങ്ങൾ ഒരുക്കൽ, പവർ ബോയ്‌ലറുകളുടെ ആധുനികവൽക്കരണം, കെമിക്കൽ പൾപ്പിങ്‌ പ്ലാന്റിന്റെ വികസനം എന്നിവയ്‌ക്കാണ്‌ തുക അനുവദിച്ചത്‌. കേന്ദ്രസർക്കാർ വിൽപനയ്‌ക്ക്‌ വച്ച ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്‌ സംസ്ഥാന സർക്കാർ ലേലത്തിൽ സ്വന്തമാക്കിയാണ്‌ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിന്‌ രൂപം നൽകിയത്‌. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കും ആധുനികവൽകരണത്തിനും കരുത്താകുന്ന പ്രഖ്യാപനമാണ്‌ ബജറ്റിലേത്‌.  കെപിപിഎല്ലിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ന്യൂസ്‌ പ്രിന്റ്‌ ഉല്പാദനത്തിന്‌ കഴിഞ്ഞവർഷം തുടക്കംകുറിച്ചിരുന്നു. ദിനപത്രങ്ങൾ പ്രിന്റ്‌ ചെയ്യാൻ ഉപയോഗിക്കുന്ന ഉന്നത ഗുണമേന്മയുള്ള 45 ജിഎസ്എം ന്യൂസ് പ്രിന്റാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്‌. ദിവസം 320 ടൺ ഉല്പാദിപ്പിക്കാൻ ശേഷിയുണ്ട്‌. കടലാസിന്റെ വിവിധ മൂല്യവർധിത ഉല്പന്നങ്ങൾ നിർമിക്കാൻ കഴിയുന്ന നിലയിലേക്ക്‌ കെപിപിഎല്ലിനെ ഉയർത്തുക എന്നതാണ്‌ സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഇതിന്‌ ഏറ്റവും ആധുനിക സൗകര്യങ്ങൾ ഒരുക്കാനായാണ്‌ ബജറ്റിൽ തുക വകയിരുത്തിയത്‌. 3,000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകാനും  വർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉല്പാദന ശേഷിയുള്ള സ്ഥാപനമായി മാറാനും കെപിപിഎല്ലിന്‌ കഴിയും.   Read on deshabhimani.com

Related News