ഇല്ലിക്കൽകല്ലിൽ 
കുടുംബശ്രീ ട്രേഡ് ഫെയർ

ഇല്ലിക്കൽകല്ലിൽ ആരംഭിച്ച കുടുംബശ്രീ ട്രേഡ് ഫെയർ


കോട്ടയം  പ്രകൃതി സൗന്ദര്യം നുകരുന്നതിനൊപ്പം പ്രകൃതിദത്ത വിഭവങ്ങൾ വാങ്ങാനും കാണാനും ഇല്ലിക്കൽകല്ലിൽ അവസരം. മൂന്നിലവ് പഞ്ചായത്തിലെ പരമ്പരാഗത ഗോത്രവിഭാഗങ്ങൾ നിർമിക്കുന്ന കുട്ടയും മുറവും പായകളും ഔഷധഗുണമുള്ള വെള്ള, മഞ്ഞ കൂവപ്പൊടികൾ, ചെറുതേൻ, വൻതേൻ, പുൽച്ചൂലുകൾ, ചിരട്ടയിൽ  ഉണ്ടാക്കിയെടുക്കുന്ന വിവിധതരം കരകൗശല വസ്തുക്കൾ, ഈരാറ്റുപേട്ട ബ്ലോക്കിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളായ വെളിച്ചെണ്ണ, വിന്നാഗിരി, അച്ചാറുകൾ, കറിപ്പൊടികൾ, കുടകൾ, പലഹാരങ്ങൾ, മൂന്നിലവ് പഞ്ചായത്തിലെ തന്നെ വിവിധ യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ, പഴവർഗങ്ങൾ, കാച്ചിൽ, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കപ്പ എന്നിങ്ങനെയുള്ള വിഭവങ്ങളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇല്ലിക്കൽ കല്ലിൽ കുടുംബശ്രീ ട്രേഡ് ഫെയറിൽ ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീ ജില്ലാ മിഷൻ, മൂന്നിലവ് സിഡിഎസ്, മൂന്നിലവ് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് അഞ്ചുദിവസം നീളുന്ന ഉൽപ്പന്ന പ്രദർശന വിപണനമേള സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നിലവ് പഞ്ചായത്തിലെ 30 ഗോത്രവർഗ കുടുംബശ്രീ യൂണിറ്റുകളിൽനിന്നുള്ള ഉൽപ്പന്നങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുമാണ് പ്രദർശന വിപണന മേളയിലുള്ളത്.  അവധി ദിവസങ്ങളും അനുകൂല കാലാവസ്ഥയുമായതിനാൽ ഇല്ലിക്കൽകല്ലിൽ സഞ്ചാരികളുടെ വലിയ തിരക്കുണ്ട്‌.  അതുകൊണ്ട്  മേളയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നുണ്ടെന്നും വിപണനം നടക്കുന്നുണ്ടെന്നും മൂന്നിലവ് കുടുംബശ്രീ ചെയർപേഴ്സൺ വിജയമ്മ ദാമോദരൻ പറഞ്ഞു. രാവിലെ എട്ടു മുതൽ വൈകിട്ട് 6.30 വരെയാണ് മേള. ട്രേഡ് ഫെയർ അഞ്ചിന് അവസാനിക്കും Read on deshabhimani.com

Related News