മുന്നേറാൻ കേരള റബർ ലിമിറ്റഡ്‌



 കോട്ടയം വെള്ളൂരിലെ കേരള റബർ ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾക്കായി പദ്ധതിവിഹിതമായ 10 കോടി രൂപ ഉൾപ്പെടെ 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയത്‌ റബർ കർഷകർക്ക്‌ പുത്തൻ പ്രതീക്ഷയായി. സിയാൽ മോഡലിൽ, 1,050 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന കെആർഎൽ ചെറുകിട–-ഇടത്തരം സംരംഭകർക്കായി എല്ലാ സൗകര്യങ്ങളോടെയുമാണ്‌ ഒരുങ്ങുന്നത്‌. വിലക്കുറവ്‌ മൂലം പ്രതിസന്ധി നേരിടുമ്പോഴും റബർ കർഷകരും സംരംഭകരും കെആർഎല്ലിൽ വലിയ പ്രതീക്ഷയർപ്പിച്ചിട്ടുണ്ട്‌. വെള്ളൂരിൽ കെആർഎൽ നിർമാണത്തിന്‌ വ്യവസായമന്ത്രി പി രാജീവാണ്‌ കല്ലിട്ടത്‌. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായ ടെസ്‌റ്റ്‌ പൈലിങ്‌ അടുത്തിടെ പൂർത്തിയായി. വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിനോട്‌ ചേർന്ന 143 ഏക്കർ ഭൂമിയിലാണ്‌ കേരള റബർ ലിമിറ്റഡ്‌ ഉയരുന്നത്‌. സ്വാഭാവിക റബറിനെ ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായി ഉപയോഗപ്പെടുത്താൻ ഇവിടെ സാധിക്കും. പ്രാഥമികഘട്ടത്തിൽ സ്വാഭാവിക റബർ വ്യവസായം അടിസ്ഥാനമാക്കിയുള്ള വ്യവസായ പാർക്ക്‌ ഇവിടെ സ്ഥാപിക്കും. ഇതോടൊപ്പം മൈക്രോ–-സ്‌മോൾ–-മീഡിയം വ്യവസായങ്ങളും വരും. റബറിന്റെ റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ സെന്റർ, ടെസ്‌റ്റിങ്‌ സെന്റർ, നാഷണൽ റബർ പ്രോഡക്ട്‌സ്‌ എക്‌സിബിഷൻ സെന്റർ, റബർ ഉല്പന്നങ്ങളുടെ ഇന്നൊവേഷൻ സെന്റർ എന്നിവയും ആദ്യഘട്ടത്തിൽ സ്ഥാപിക്കും. അതിനുപിറകെ റബർ ടെസ്‌റ്റിങ്‌ ലബോറട്ടറി, റബർ സ്‌റ്റെറിലൈസേഷൻ സെന്റർ, റീസൈക്ലിങ്‌ സെന്റർ എന്നിവയും.  നേരിട്ടും അല്ലാതെയും വലിയ തൊഴിൽസാധ്യതകളാണ്‌ കെആർഎൽ തുറന്നുനൽകുക. ഓട്ടോമൊബൈൽ പാർട്‌സ്‌, കൈയുറകൾ, റബർമാറ്റുകൾ തുടങ്ങിയ ഉല്പന്നങ്ങളിലൂടെ റബറിന്റെ വിപണി വിപുലമാക്കും. Read on deshabhimani.com

Related News