തോൽവിഭയം; വട്ടമിട്ട്‌ കോൺ. നേതാക്കൾ



 കോട്ടയം  മധ്യകേരളത്തിലെ പ്രധാന ജില്ലയിൽ പരാജയം മണത്തതോടെ കോൺഗ്രസ്‌ നേതാക്കൾ കൂട്ടത്തോടെ എത്തുന്നു. തെരഞ്ഞെടുപ്പിന്‌ കഷ്ടിച്ച്‌ ഒരാഴ്‌ചമാത്രം ശേഷിക്കെയാണ്‌ വെപ്രാളം. കേരള കോൺഗ്രസ്‌ എം മുന്നണിവിട്ടതോടെ യുഡിഎഫ്‌ ദുർബലമായി. കൂടാതെ ഘടകകക്ഷികൾക്കിടയിലെ അതൃപ്‌തിയും വിമത ഭീഷണിയും. ഇതാണ്‌ ‌ തലസ്ഥാനത്തുനിന്ന് നേതാക്കളുടെ ഒഴുക്കിന്‌ കാരണം‌. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോട്ടയത്ത്‌ ക്യാമ്പ്‌ ചെയ്‌ത്‌ പ്രവർത്തിക്കുന്നു. മുന്നണി കൺവീനർ എം എം ഹസൻ, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉൾപ്പെടെയുള്ളവരും   എത്തി.   കോൺഗ്രസും ജോസഫ്‌ വിഭാഗവും സീറ്റുകൾ പങ്കിട്ടെടുത്തു എന്ന പരാതി ലീഗ്‌ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കുണ്ട്‌. പതിനഞ്ചിൽപരം വാർഡുകളിൽ വിമതരും. നാമമാത്രമായി വാർഡുകൾ ലഭിച്ച ലീഗിന്റെ സീറ്റുകളിൽ കോൺഗ്രസ്‌ വിമതരെ നിർത്തി‌. ഇത്‌ ലീഗ്‌ നേതാക്കളിൽ വലിയ അതൃപ്‌തിക്കിടയായി. ജോസഫ്‌ ഗ്രൂപ്പ്‌ സ്ഥാനാർഥികൾ മത്സരിക്കുന്ന ചില വാർഡുകളിലും റിബലുകൾ വോട്ടുതേടുന്നു‌. ഇതും പ്രാദേശികമായി അസ്വാരസ്യങ്ങൾക്കിടയാക്കി. ഇതുകൂടി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ്‌‌ നേതാക്കളുടെ വരവ്‌. അവസാന ഘട്ടത്തിലും പല വിമത സ്ഥാനാർഥികളുമായി അനുനയ ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. പോസ്‌റ്ററുകളും നോട്ടീസുമടിച്ച്‌  വീടുകൾ കയറി വോട്ടുചോദിച്ച വിമതർ പിന്മാറാൻ തയ്യാറല്ല.  പരമ്പരാഗതമായി യുഡിഎഫ്‌ കോട്ട എന്നറിയപ്പെട്ടിരുന്നത്‌ കേരള കോൺഗ്രസിന്റെ പിൻബലത്തിലായിരുന്നു. പ്രത്യേകിച്ച പാലാ, കാഞ്ഞിരപ്പള്ളി മേഖല. എന്നാൽ അവർ പോയതോടെ പലയിടങ്ങളിലും പ്രവർത്തകർപോലും മുന്നണിയിൽ ഇല്ലാതായി. കോട്ടയം അഭിമാന പോരാട്ടമെന്ന്‌ മാധ്യമങ്ങളുടെ മുമ്പിൽ പറഞ്ഞശേഷമാണ്‌ നേതാക്കൾ ഓരോരുത്തരായി എത്തിയത്‌.  അടിത്തട്ടിൽ കോൺഗ്രസ്‌ ഗ്രൂപ്പ്‌ പോരും അതിശക്തം. കെ സി ജോസഫ്‌ എംഎൽഎ കോട്ടയം കേന്ദ്രമാക്കിയതോടെ എ ഗ്രൂപ്പിൽ കടുത്ത പോര്‌‌ നിലനിൽക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നേതൃത്വത്തിലാണ്‌ മറുചേരി നിലകൊള്ളുന്നത്‌. ഉമ്മൻചാണ്ടി കാഴ്‌ചക്കാരന്റെ റോളിലും. നേതാക്കൾ പരസ്‌പരം സ്ഥാനാർഥികളെ വെട്ടിയ കടുത്ത ഭിന്നതയും പാർടിയിൽ പുകയുന്നു.  ഇതെല്ലാം ഒത്തുതീർപ്പിലെത്തിക്കാൻ കൂടിയാണ് ശ്രമം. അതേസമയം ബിജെപി ജില്ലയിൽ 160ൽപരം വാർഡുകളിൽ സ്ഥാനാർഥികളെ നിർത്താത്തത്‌ ദുരൂഹത വർധിപ്പിക്കുന്നു. ചില വാർഡുകളിൽ ഇക്കൂട്ടരുമായി പ്രാദേശിക ധാരണയ്‌ക്കും നീക്കമുണ്ട്‌. വിജയിക്കാൻ എങ്ങനെയും തന്ത്രം മെനയുമെന്നാണ്‌ ചില കോൺഗ്രസ്‌ നേതാക്കൾ വ്യക്തമാക്കുന്നത്‌. Read on deshabhimani.com

Related News