അങ്ങനെ തോൽക്കില്ല; വിജിക്ക്‌ വിജയിച്ചേ തീരൂ



 അയ്മനം  പോരാട്ടം വിജിക്ക്‌ പുത്തരിയല്ല; കഴിഞ്ഞവർഷം പോരിനെത്തിയ ക്യാൻസറിനെ കരുത്തോടെ അതിജീവിച്ച‌‌ വിജി ഇത്തവണ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിലാണ്‌‌‌. അയ്‌മനം പഞ്ചായത്ത്‌ നാലാം വാർഡ്(പുലിക്കുട്ടിശ്ശേരി) എൽഡിഎഫ് സ്ഥാനാർഥി വിജി രാജേഷിന്‌ തെരെഞ്ഞെടുപ്പിൽ ഇത്‌ മൂന്നാം അങ്കം.  ഒരുവർഷം മുമ്പായിരുന്നു വിജിയെ അർബുദം പിടികൂടിയത്‌. തിരുവനന്തപുരം ആർസിസിയിലും കോട്ടയം മെഡിക്കൽ കോളേജിലുമായി മാസങ്ങൾ നീണ്ട ചികിത്സ. പ്രതിസന്ധി സാഹചര്യത്തിൽ   കുടുംബക്കാർക്കൊപ്പം സിപിഐ എമ്മും ഒപ്പം നിന്നു. നാട്ടുകാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും പിന്തുണ കിട്ടിയതോടെ  വേദനയിലും തളരാത്ത വിപ്ലവവീര്യത്തോടെ വീണ്ടും മത്സരത്തിനിറങ്ങി. പഞ്ചായത്ത്‌ ഭരണസമിതിയുടെയും  ജീനക്കാരുടെയും പിന്തുണുയും ഇക്കാലത്തുണ്ടായി. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ ഒന്നായിരുന്നു പുലിക്കുട്ടിശ്ശേരി. ഇവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഉൾപ്പെടെയുള്ള താൻചെയ്‌ത പ്രവർത്തനങ്ങൾ ജനങ്ങൾക്ക്‌ മുമ്പിൽ വച്ചാണ്‌ വീണ്ടും മത്സരിക്കുന്നത്‌. 2010–-15 ലായിരുന്നു ആദ്യ മത്സരം. അന്ന്‌ വനിതാ വാർഡായിരുന്നു ഇവിടെ. അതിൽ വിജയിച്ചു. പിന്നീട്‌ 2015–-20 ൽ ജനറൽ വാർഡായപ്പോഴും മത്സരിച്ച്‌ വിജയിച്ചു. ഇപ്പോൾ വീണ്ടും വനിതാ വാർഡായപ്പോഴും എൽഡിഎഫ്‌ സ്ഥാനാർഥി വിജി തന്നെ. താൻ ചെയ്‌ത വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന്‌‌ തുടർച്ചയുണ്ടാവണം. ഇതാണ്‌‌ വിജിയുടെ അഭ്യർഥന. കഴിഞ്ഞതവണ മൂന്നാം വാർഡിൽനിന്ന്‌ ജയിച്ച മുൻ പഞ്ചായത്തംഗമായ യുഡിഎഫിലെ ചിന്നമ്മ പാപ്പച്ചനാണ് വിജിയുടെ എതിരാളി. ഈ വാർഡിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല. കഴിഞ്ഞ തവണ ഇവിടെ ബിഡിജെഎസ്‌ ആണ്‌ മത്സരിച്ചത്‌. കെഎസ്ഇബി ജീവനക്കാരനായ രാജേഷാണ് ഭർത്താവ്. മക്കൾ: ഹരിശങ്കർ(ബിബിഎ വിദ്യാർഥി), അനന്തകൃഷ്ണൻ(പ്ലസ്‌ടു വിദ്യാർഥി). സിപിഐ എം പുലിക്കുട്ടിശ്ശേരി ബ്രാഞ്ച്‌ അംഗമായ വിജി മഹിളാ അസോസിയേഷൻ ഏറ്റുമാനൂർ ഏരിയ കമ്മിറ്റി അംഗമാണ്‌.   Read on deshabhimani.com

Related News