തദ്ദേശപരിധിയിൽ 
ഒരു ഫാം ടൂറിസം യൂണിറ്റ്



കോട്ടയം കേരളത്തിൽ ഫാം ടൂറിസവും ഹോം സ്റ്റെഡ് ഫാമിങ്ങും പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതിയുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ. ഒരു തദ്ദേശസ്ഥാപന പരിധിയിൽ കുറഞ്ഞത് ഒരു ഫാം ടൂറിസം യൂണിറ്റും 50 ഹോം സ്‌റ്റെഡ് ഫാമുകളുമാണ് ലക്ഷ്യം. ടൂറിസത്തിന്റെ പേരിൽ കൃഷിയിടങ്ങൾ മണ്ണിട്ട്‌ നികത്തുന്നതിനു പകരം കൃഷി പ്രോത്സാഹിപ്പിക്കലാണ്‌ മിഷന്റെ പരിഗണന. ഹോം സ്റ്റെഡ് ഫാമിങ്ങിലൂടെയാണ് കുമരകത്ത് ഉത്തരവാദിത്ത ടൂറിസം വിജയകരമായി നടപ്പാക്കാനായത്. ഇപ്പോഴും ആ പ്രവർത്തനങ്ങളുടെ ഭാഗമായ കൃഷിയിടങ്ങളിൽ ടൂറിസ്റ്റുകളെ എത്തിക്കുകയും അതുവഴി കർഷകർക്ക് വരുമാനം ലഭ്യമാവുകയും ചെയ്യുന്നുണ്ട്. കോവിഡാനന്തര ടൂറിസം സാധ്യമാകുമ്പോൾ ഏറ്റവും വലിയ സാധ്യതയായി ഫാം ടൂറിസവും ഹോം സ്റ്റെഡ് ഫാമിങ്ങും ഉപയോഗിക്കാനാകുമെന്ന്‌ മിഷൻ സംസ്ഥാന കോ–-ഓർഡിനേറ്റർ കെ രൂപേഷ്‌കുമാർ പറഞ്ഞു. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ്‌ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം ടൂറിസ്റ്റുകൾക്ക് ആസ്വാദ്യകരവും കർഷകർക്ക് വരുമാനദായകവുമാകും. പദ്ധതിയുടെ ഒന്നാംഘട്ടം 2023 മാർച്ച് 31 ന് മുമ്പ്‌ കുറഞ്ഞത് 500 ഫാം ടൂറിസം യൂണിറ്റുകളും 5,000 ഹോം സ്റ്റെഡ് ഫാം യൂണിറ്റുകളും സജ്ജമാക്കി തുടക്കമിടും. ഇവയുടെ ഉൽപന്നങ്ങളുടെ വിപണന സാധ്യത ഒരുക്കുന്നതിനൊപ്പം ടൂർ പാക്കേജുകളുടെ ഭാഗവുമാക്കും. പദ്ധതിയുടെ ഭാഗമായി ഒരു ബാച്ചിന്റെ പരിശീലനം പൂർത്തിയായി. അടുത്ത ബാച്ചിന് 25 മുതൽ പരിശീലനം തുടങ്ങും. ആവശ്യക്കാർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ആഗസ്‌ത്‌ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഫോൺ: 9633992977 Read on deshabhimani.com

Related News