പുത്തനുടുപ്പുണ്ട്‌, 
ഇനിയില്ല ആശങ്ക



കോട്ടയം രണ്ടു മാസത്തെ അവധി ദിനങ്ങൾക്ക്‌ ശേഷം വിദ്യാലയങ്ങൾ കുരുന്നുകളുടെ കൊഞ്ചലുമായി സജീവമായി. സ്‌കൂൾ തുറക്കും മുമ്പ്‌ എന്നും ആധിയായിരുന്നു രക്ഷിതാക്കൾക്ക്‌. യൂണിഫോം വാങ്ങണം, പുസ്‌തകങ്ങൾ ലഭ്യമാക്കണം. അങ്ങനെ ചെലവുകൾ ഏറെ. എന്നാൽ, സൗജന്യ യൂണിഫോം വിതരണം ഉൾപ്പെടെ പൊതുവിദ്യാഭ്യാസ രംഗത്ത്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച വിപ്ലവകരമായ മുന്നേറ്റങ്ങളിലൂടെ അവരുടെ വലിയ ആശങ്കൾക്കാണ്‌ പരിഹാരമായത്‌. വിദ്യാർഥികൾക്കുള്ള യൂണിഫോം വിതരണത്തിൽ ചരിത്രനേട്ടമാണ്‌ സർക്കാർ സ്വന്തമാക്കിയത്‌. സ്‌കൂൾ തുറക്കും മുമ്പ്‌ തന്നെ യൂണിഫോം വിതരണം പൂർത്തിയാക്കി ജില്ലയും നേട്ടത്തിൽ പങ്കാളിയായി.  സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും ഒന്ന് മുതൽ നാല്‌ വരെയുള്ള എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് നൽകുന്നത്‌. വ്യവസായ- കൈത്തറി വകുപ്പുകൾക്ക് കീഴിലുള്ള കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളിലെ തൊഴിലാളികൾ ഉൽപ്പാദിപ്പിച്ച യൂണിഫോമാണ്‌ വിതരണം ചെയ്തത്‌.  പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും സ്‌കൂൾ കുട്ടികൾക്ക് ഗുണമേന്മയേറിയ യൂണിഫോം ലഭിക്കുന്നതിനുമായാണ് സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി നടപ്പാക്കിയത്. യൂണിഫോം ലഭിക്കുന്നതിൽ കാലതാമസമുണ്ടാകുന്നതും ഗുണമേന്മ കുറവാകുന്നതുമായ പരാതികൾ പരിഹരിക്കാൻ കൈത്തറി യൂണിഫോമുകളിലൂടെ സാധിച്ചു. Read on deshabhimani.com

Related News