അന്തര്‍ സര്‍വകലാശാലാ ഗെയിംസ്: അത്‌ലറ്റിക്സ് കിരീടം എംജിക്ക്



കോട്ടയം ഖേലോ ഇന്ത്യ അന്തർ സർവകലാശാലാ ഗെയിംസിൽ അത്‌ലറ്റിക്സ് വിഭാഗത്തിൽ എംജി സർവകലാശാലയ്ക്ക് ഓവറോൾ കിരീടം. മംഗളൂരു സർവകലാശാലയും ശിവജി സർവകലാശാലയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലഖ്നൗ, വാരണസി, ഗ്രേറ്റർ നോയിഡ, ഖരക്പൂർ എന്നിവിടങ്ങളിൽ നടന്ന കായികമേളയിൽ 89 പോയിന്റാണ്‌ എംജി സ്വന്തമാക്കിയത്‌. പുരുഷ വിഭാഗത്തിൽ 49 പോയിന്റോടെ അത്‌ലറ്റിക്സ് ചാമ്പ്യൻമാരായി. വനിതാ വിഭാഗത്തിൽ 40 പോയിന്റോടെ രണ്ടാംസ്ഥാനം നേടി.  ആകാശ് എം വർഗീസ്(ട്രിപ്പിൾ ജംപ്), കെ എം ശ്രീകാന്ത്(ലോങ്‌ ജംപ്), എം  അനൂപ് (400 മീറ്റർ ഹർഡിൽസ്), എ കെ സിദ്ധാർത്ഥ് (പോൾവോൾട്ട്), ആനന്ദ് കൃഷ്ണ (5000 മീറ്റർ) എന്നിവരാണ് വ്യക്തിഗത ഇനങ്ങളിൽ എംജിയ്ക്കുവേണ്ടി സ്വർണം നേടിയത്. വനിതകളുടെ 4x100 മീറ്റർ റിലേയിൽ സോഫി സണ്ണി, അഖിന ബാബു, എ എസ് സാന്ദ്ര, വി എസ് ഭാവി എന്നിവരുൾപ്പെട്ട ടീമും വനിതകളുടെ 4x400 മീറ്റർ റിലേയിൽ കെ ടി എമിലി, റോഷ്മി ചാക്കോ, ബിസ്മി ജോസഫ്, കെ  സ്നേഹ എന്നിവരുൾപ്പെട്ട ടീമും സ്വർണം നേടി. 4x400 മീറ്റർ മിക്സഡ് റിലേയിൽ എം എസ് അനന്തുമോൻ, അരുൺജിത്ത്, കെ ടി എമിലി, കെ സ്നേഹ എന്നിവരടങ്ങിയ ടീം വെള്ളി നേടി. 20 കിലോമീറ്റർ നടത്തത്തിൽ ബിലിൻ ജോർജും 800 മീറ്ററിൽ എം എസ് അനന്തുമോനും വെങ്കല മെഡലിന് അർഹരായി.   ഗെയിംസ് മത്സരങ്ങൾ വെള്ളിയാഴ്‌ച അവസാനിക്കാനിരിക്കെ എട്ട് സ്വർണവും ഒരു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് എംജി. രാജ്യത്തെ 205 സർവകലാശാലകളിൽനിന്നുള്ള നാലായിരത്തോളം കായികതാരങ്ങളാണ് ഖേലോ ഇന്ത്യ അന്തർ സർവകലാശാലാ ഗെയിംസിൽ പങ്കെടുക്കുന്നത്‌. Read on deshabhimani.com

Related News