നിരാശയിൽ കോട്ടയം



കോട്ടയം കേന്ദ്രബജറ്റ്‌ കോട്ടയത്തിന്‌ സമ്മാനിച്ചത്‌ നിരാശ. പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനങ്ങളോ സഹായങ്ങളോ ലഭിച്ചില്ല. റബറിന്റെ കോമ്പൗണ്ട്‌ ഇറക്കുമതി നികുതി വർധിപ്പിച്ചത്‌ മാത്രമാണ്‌ ചെറുതായെങ്കിലും ആശ്വസിക്കാനുള്ളത്‌. ശബരി റെയിൽ, ട്രിപ്പിൾ ഐടി, റെയിൽവേ വികസനം തുടങ്ങിയ വിഷയങ്ങളിൽ ജില്ല അർഹിച്ചത്‌ ലഭിച്ചില്ല.   റബർ കോമ്പൗണ്ട്‌ ഇറക്കുമതി നികുതി 10 ശതമാനത്തിൽനിന്ന് 25 ശതമാനമായാണ്‌ ഉയർത്തിയത്‌. ഇതുവരെ വിലകുറഞ്ഞ റബർ കോമ്പൗണ്ട്‌ വിദേശത്തുനിന്ന്‌ ഇറക്കുമതി നടത്തുക വഴി രാജ്യത്ത്‌ റബറിന്റെ ആവശ്യകത കുറഞ്ഞിരുന്നു. ഇതോടൊപ്പം കേന്ദ്ര സർക്കാരിന്‌ വൻ നികുതി നഷ്ടവും സംഭവിച്ചിരുന്നു. തീരുവ വർധിപ്പിച്ചത്‌ ഈ മേഖലക്ക്‌ നേരിയ ആശ്വാസം നൽകിയേക്കും. ഈ സാമ്പത്തിക വർഷം ഇതുവരെ രാജ്യത്തേക്ക്‌ നിലവാരം കുറഞ്ഞ 1,15,000 ടൺ കോമ്പൗണ്ട്‌ റബറാണ്‌ ഇറക്കുമതി ചെയ്‌തിട്ടുള്ളത്‌. രാജ്യത്ത്‌ ഉല്പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ സ്ഥാനമാണ്‌ ഇത്‌ കൈയ്യടക്കുന്നത്‌.  തകർച്ച നേരിടുന്ന റബർ ബോർഡിനെ ശക്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉണ്ടായില്ല. ബജറ്റ്‌ വിഹിതം വർധിപ്പിച്ചിട്ടുമില്ലാത്തതിനാൽ നിലവിലെ പ്രതിസന്ധി തുടരും. റെയിൽവേയെ പൂർണമായി അവഗണിച്ചു. കോട്ടയം റെയിൽവേ സ്‌റ്റേഷൻ നവീകരണത്തിനും പുതിയ റെയിൽവേ മേൽപാലങ്ങളുടെ(ആർഒബി) നിർമാണത്തിനും സഹായം ആവശ്യമായിരുന്നു. ഇരട്ടിപ്പിക്കൽ പൂർത്തിയായ റെയിൽപാതയിൽ ഓട്ടോമാറ്റിക്‌ സിഗ്നൽ സംവിധാനം വേണമെന്ന നിർദേശം തോമസ്‌ ചാഴികാടൻ അടക്കമുള്ള എംപിമാർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇതൊന്നും കേന്ദ്ര സർക്കാർ പരിഗണിച്ചില്ല. പാലരുവി എക്‌സ്‌പ്രസിന്‌ ഏറ്റുമാനൂരിൽ സ്‌റ്റോപ്പ്‌ അനുവദിക്കണമെന്ന ആവശ്യവും തള്ളി.     Read on deshabhimani.com

Related News