വൈക്കത്ത് മൾട്ടിപ്ലക്സ് സിനിമ തിയറ്റർ യാഥാർഥ്യമാകുന്നു



  വൈക്കം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ വൈക്കത്ത് മൾട്ടിപ്ലക്സ് സിനിമ തിയേറ്റർ നിർമിക്കാനുള്ള നടപടി പൂർത്തിയായി. ഉടൻ തീയറ്ററിന്റെ  ശിലാസ്ഥാപനം നടത്തുമെന്ന് കോർപറേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ വി തഥേവൂസും കമ്പനി സെക്രട്ടറി ഫിനാൻസ് മാനേജർ ജി വിദ്യയും പറഞ്ഞു.  2019ൽ പി ശശിധരൻ വൈക്കം നഗരസഭ  ചെയർമാനായിരിക്കെയാണ് തിയറ്റർ നിർമിക്കാൻ നടപടി സ്വീകരിച്ചത്. കിഫ്ബിയിൽനിന്ന് അനുദിച്ച 14.75 കോടി രൂപ  വിനിയോഗിച്ച്‌ വൈക്കം കിഴക്കേനട കിളിയാട്ടുനടയിൽ നഗരസഭ ഫയർ സ്റ്റേഷനു സമീപത്ത് നഗരസഭ വിട്ടുനൽകിയ 80 സെന്റിലാണ് തിയറ്റർ നിർമിക്കുന്നത്. കെഎഫ്‌ഡിസി നേതൃത്വത്തിലാണ് നിർമാണം. ടെണ്ടർ നടപടികൾ പൂർത്തിയായി. ഒരു വർഷത്തിനുള്ളിൽ പ്രദർശനം തുടങ്ങുകയാണ്‌  ലക്ഷ്യം. പ്രതിവർഷം 3,60,000 രൂപ പാട്ടവ്യവസ്ഥയിൽ നഗരസഭയ്ക്ക് ലഭിക്കും. ഇതുസംബന്ധിച്ച ചർച്ചയും നഗരസഭാ ഹാളിൽ പൂർത്തിയായി. 30 വർഷത്തേക്കാണ് സ്ഥലം കൈമാറുന്നത്.  380 സീറ്റ്‌ രണ്ടു തിയറ്ററുകളിലായി ക്രമീകരിക്കും. ബെൽജിയത്തിൽ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന ഏറ്റവും പുതിയ ഫോർ കെ ലേയ്‌സർ പ്രോജക്ട് ആണ് സജ്ജമാക്കുന്നത്. ആധുനിക സൗണ്ട്‌ സിസ്റ്റവും ഇതിൽ ഉൾപ്പെടും. അനുബന്ധ തൊഴിൽശാലകൾക്കും രൂപം നൽകുന്നുണ്ട്.  നഗരസഭാഹാളിൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷൻ ഭാരവാഹികളുമായി നടന്ന ചർച്ചയിൽ ചെയർപേഴ്‌സൺ രേണുക രതീഷ്, പ്രതിപക്ഷനേതാവ് കെ പി സതീശൻ, കൗൺസിലർമാരായ പി ടി സുഭാഷ്, എസ് ഹരിദാസൻ നായർ, ബി ചന്ദ്രശേഖരൻ, എം കെ മഹേഷ്, എബ്രഹാം പഴയകടവൻ, സിന്ധു സജീവൻ, എൻ അയ്യപ്പൻ, എസ് ഇന്ദിരാദേവി, പ്രീതാ രാജേഷ്, ലേഖാ ശ്രീകുമാർ, കെ ബി ഗിരിജാകുമാരി എന്നിവർ പങ്കെടുത്തു.     Read on deshabhimani.com

Related News