6 ഓഫീസുകൾ പൂട്ടി

ഈരാറ്റുപേട്ടയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് പൊലീസ് സീല്‍ ചെയ്യുന്നു


കോട്ടയം നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ജില്ലയിലെ ആറ്‌ ഓഫീസുകൾ പൊലീസ്‌ പൂട്ടി. ചങ്ങനാശേരി, മുണ്ടക്കയം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, കുമ്മനം എന്നിവിടങ്ങളിലെ ഓഫീസുകളാണ്‌ വെള്ളി രാത്രി പൂട്ടിയത്‌. നിരോധനത്തെതുടർന്ന്‌ പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ മുമ്പ്‌ പ്രവർത്തിച്ചിരുന്നതടക്കം എല്ലാ ഓഫീസുകളുടെയും വിവരങ്ങൾ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ ശേഖരിച്ച്‌ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ഇതുപ്രകാരം ഓഫീസുകൾ സീൽ ചെയ്യാനുള്ള നടപടി ആരംഭിക്കാൻ ജില്ലാ പൊലീസ്‌ മേധാവി കെ കാർത്തിക്‌ ഉത്തരവിടുകയായിരുന്നു. പൊലീസെത്തി നോട്ടീസ്‌ ഒട്ടിച്ചാണ്‌ സീൽ ചെയ്‌തത്‌.  കൂടുതൽ പിഎഫ്‌ഐ ഓഫീസുകളെക്കുറിച്ച്‌ പൊലീസ്‌ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്‌. ഓഫീസിന്റെ ഫോട്ടോ, കെട്ടിട നമ്പർ, ഭാരവാഹിത്വം വഹിച്ചവരുടെ പേരുകൾ, പ്രവർത്തന കാലഘട്ടം എന്നിവയെല്ലാം അടങ്ങുന്ന സമഗ്രറിപ്പോർട്ടാണ്‌ ജില്ലാ പൊലീസ്‌ മേധാവിയുടെ പക്കലുള്ളത്‌. ഇതുപ്രകാരം നടപടി തുടരും.  നിരോധനം വന്നപ്പോൾ പ്രവർത്തകർ തന്നെ ഓഫീസുകളിൽനിന്ന്‌ ബോർഡ്‌ എടുത്തുമാറ്റിയിരുന്നു. ബോർഡ്‌ വയ്‌ക്കാതെ പ്രവർത്തിച്ച ചില ഓഫീസുകളും ഇവർക്കുള്ളതായി പൊലീസ്‌ കണ്ടെത്തി. ഇവിടെ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ യോഗം ചേർന്നിരുന്നു. പ്രവർത്തകരുടെ ബാങ്ക്‌ അക്കൗണ്ട്‌ അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്‌.  നിരോധനം വന്നപ്പോൾ ഓഫീസുകളിലുണ്ടായിരുന്ന വസ്‌തുക്കൾ പ്രവർത്തകർ എടുത്തുമാറ്റിയതായും പൊലീസ്‌ കണ്ടെത്തി. ചങ്ങനാശേരിയിലും ഈരാറ്റുപേട്ടയിലും ബോർഡ്‌ വയ്‌ക്കാതെയാണ്‌ ഓഫീസുകൾ പ്രവർത്തിച്ചത്‌. നിരോധനത്തിന്‌ മുന്നോടിയായി എൻഐഎ നടത്തിയ പരിശോധനയിൽ ഈരാറ്റുപേട്ടയിൽനിന്നും മുണ്ടക്കയത്തുനിന്നും പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരെ അറസ്റ്റ്‌ ചെയ്‌തിരുന്നു. Read on deshabhimani.com

Related News