ജില്ലയിൽ നടപ്പാക്കുന്നത്‌ 
111.89 കോടിയുടെ പദ്ധതികൾ



കോട്ടയം സംസ്ഥാനത്തിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച്‌ ജില്ലയിൽ ഈ വർഷം നടപ്പാക്കുന്നത്‌ 111.89 കോടി രൂപയുടെ പദ്ധതികൾ. നാൽപത്‌ വകുപ്പുകൾ മുഖേന 149 പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ശനിയാഴ്‌ച ചേർന്ന വികസന സമിതി യോഗം പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തി.  കോവിഡ് പ്രതിരോധം ഉറപ്പാക്കി ജില്ലയിലെ വികസന പദ്ധതികളുടെ നിർവഹണം ത്വരിതപ്പെടുത്താൻ യോഗം തീരുമാനിച്ചു. കലക്ടർ പി കെ ജയശ്രീയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ്‌ യോഗം ചേർന്നത്‌. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ എന്നിവർ പങ്കെടുത്തു.   റോഡ് വികസനവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കൽ, കുടിവെള്ള വിതരണ പദ്ധതികൾക്കായി പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ, സർക്കാർ സ്ഥാപനങ്ങൾക്കുള്ള കെട്ടിടങ്ങളുടെ നിർമാണം, പട്ടയവിതരണ നടപടികൾ, വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് ജനങ്ങളുടെയും കൃഷിയുടെയും സംരക്ഷണം ഉറപ്പുവരുത്തൽ തുടങ്ങിയ വിഷയങ്ങളാണ്  ഉന്നയിക്കപ്പെട്ടത്. കോവിഡ് സാഹചര്യത്തിൽ വികസന മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ വിലയിരുത്താനും പ്ലാൻഫണ്ട്, എംഎൽഎ ഫണ്ട് എന്നിവ വിനിയോഗിച്ചുള്ള പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താനും   മണ്ഡലാടിസ്ഥാനത്തിൽ യോഗം ചേരണമെന്ന് കലക്ടർ നിർദേശിച്ചു. ജില്ലാ പ്ലാനിങ്‌ ഓഫീസർ ലിറ്റി മാത്യു വിശദീകരണം നൽകി.  പൊതുമരാമത്ത് നിരത്ത്‌ വിഭാഗം, കെട്ടിട വിഭാഗം, വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ, കോട്ടയം, കടുത്തുരുത്തി, തിരുവല്ല പിഎച്ച് ഡിവിഷനുകൾ, ലേബർ ഓഫീസ്, മേജർ ഇറിഗേഷൻ, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകൾ പദ്ധതി തുകയുടെ നൂറ് ശതമാനവും വിനിയോഗിച്ചു.   Read on deshabhimani.com

Related News