രാജ്യത്ത്‌ വെറുപ്പിന്റെ രാഷ്‌ട്രീയം വളർത്തുന്നു: പി കെ ശ്രീമതി

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ നടത്തിയ സ്നേഹസദസ്സ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു


കോട്ടയം രാജ്യത്ത്‌ വെറുപ്പിന്റെ രാഷ്‌ട്രീയം വളർത്തുകയാണെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌ പി കെ ശ്രീമതി പറഞ്ഞു. മതവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ പാർടി ഭരണം കൈയാളുന്നതിന്റെ ഫലമാണിത്‌. വിവിധ മതസ്ഥർ ഒന്നിച്ച്‌ ജീവിക്കുന്ന രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കാൻ വർഗീയവാദികൾ ശ്രമിക്കുകയാണ്‌. "നമ്മൾ ഒന്നാണ്‌' എന്ന സന്ദേശമുയർത്തി മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹസദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പി കെ ശ്രീമതി.     എല്ലാവർക്കും തുല്യ അവകാശങ്ങളുള്ള ഈ രാജ്യത്ത്‌ ഏകാധിപത്യ ഭരണമാണ്‌ നരേന്ദ്രമോദി സർക്കാർ നടത്തുന്നത്‌.  ടീസ്‌ത സെതൽവാദിന്റെയും ഗുജറാത്ത്‌ മുൻ ഡിജിപി ആർ ബി ശ്രീകുമാറിന്റെയും അറസ്‌റ്റാണ്‌ ഒടുവിലത്തെ ഉദാഹരണം. നാടിനെ കലാപത്തിലേക്ക്‌ നയിക്കുന്നവരായി ആർഎസ്‌എസും ബിജെപിയും മാറി. ഇതിനെ ചെറുക്കാനെന്ന പേരിൽ ന്യൂനപക്ഷ തീവ്രവാദശക്തികളും വളരുന്നു. രാഷ്‌ട്രീയവും സാമൂഹ്യവുമായി ഉയർന്ന ചിന്താഗതിയുള്ള കേരളത്തിൽപോലും ഇവർ  സമാധാനാന്തരീക്ഷം തകർക്കുന്നു. അതിർവരമ്പുകളില്ലാത്ത സ്‌നേഹവും സൗഹൃദവും വളരുന്നിടത്ത്‌ ജാതിമത ചിന്തകൾ മാറിനിൽക്കുമെന്നും പി കെ ശ്രീമതി പറഞ്ഞു.     അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ വി ബിന്ദു അധ്യക്ഷയായി. ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ്‌കുട്ടി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കൃഷ്‌ണകുമാരി രാജശേഖരൻ, കവിത റെജി, ഉഷ വേണുഗോപാൽ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News