ആദ്യദിനം എത്തുക 
പുസ്‌തകവുമായി



കൊല്ലം വേനലവധി കഴിഞ്ഞ്‌ സ്‌കൂളിലെത്തുന്ന ആദ്യദിനം തന്നെ കുട്ടികൾ എത്തുക കൈനിറയെ പുസ്‌തകവുമായി. വ്യാഴാഴ്‌ച സ്‌കൂൾ തുറക്കുന്നതിന്‌ മുന്നോടിയായി ജില്ലയിൽ പാഠപുസ്‌തക വിതരണം ബുധൻ പകൽ പൂർത്തിയാകും. സർക്കാർ, എയ്‌ഡഡ്‌, അൺഎയ്‌ഡഡ്‌ വിഭാഗങ്ങളിലായി 19,33,568 പാഠപുസ്‌തകമാണ്‌ ജില്ലയിൽ ആകെ വേണ്ടത്‌. ഇതിൽ ഭൂരിഭാഗം പുസ്‌തകങ്ങളും കുട്ടികളിൽ നേരത്തെതന്നെ എത്തി. കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റി (കെബിപിഎസ്‌)അച്ചടിച്ച പുസ്‌തകത്തിന്റെ ജില്ലയിലേക്കുള്ള അവസാന ലോഡ്‌ ചൊവ്വ പകൽ വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ ബുക്ക്‌ ഡിപ്പോയിൽ എത്തി.     ജില്ലയിലെ 12എഇഒകളുടെ കീഴിലുള്ള 292ബുക്ക്‌ സൊസൈറ്റികൾ വഴിയാണ്‌ പുസ്‌തകവിതരണം. ഫെബ്രുവരി രണ്ടാം വാരത്തോടെ തന്നെ ജില്ലാ ബുക്ക്‌ ഹബ്ബുകളിൽ പുസ്‌തകം എത്തിത്തുടങ്ങിയിരുന്നു. സോർട്ടിങ്‌ പൂർത്തിയാക്കി മാർച്ച്‌ 26മുതൽ കുടുംബശ്രീ നേതൃത്വത്തിൽ സ്‌കൂളുകളിൽ വിതരണവും തുടങ്ങി.  സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഒന്നുമുതൽ എട്ടുവരെയുള്ള കുട്ടികൾക്ക്‌ സൗജന്യമായും ഒമ്പത്‌, 10 ക്ലാസിലെ കുട്ടികൾക്ക്‌ വില ഈടാക്കിയുമാണ്‌ വിതരണം. 2,32,618 കുട്ടികൾക്കാണ്‌ പുസ്‌തകം സൗജന്യമായി ലഭിക്കുക. Read on deshabhimani.com

Related News