ജില്ലാതല ആഘോഷങ്ങൾക്ക് സമാപനം



കൊല്ലം സിഐടിയു  സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഒരു മാസമായി ജില്ലയിൽ നടന്നുവരുന്ന വിവിധ പരിപാടികൾ സമാപിച്ചു. ജില്ലാ തല ആഘോഷ പരിപാടികളുടെ സമാപനയോഗം ഓടനാവട്ടത്ത് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു.  ഒട്ടേറെ പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിച്ചത്. ജില്ലയിലെ സിഐടിയു അംഗങ്ങളായ തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ ശുചിത്വ ക്യാമ്പയിനായ  ‘എന്റെ ഭവനം, ശുചിത്വ ഭവനം’ പദ്ധതി മികച്ച വിജയമായി. ഇതോടൊപ്പം  ജില്ലയിലെ തെരഞ്ഞെടുത്ത പൊതു മാർക്കറ്റുകൾ, ബസ്‌സ്റ്റാൻഡുകൾ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, കശുവണ്ടി ഫാക്ടറികൾ, അങ്കണവാടികൾ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണ യജ്ഞവും സംഘടിപ്പിച്ചിരുന്നു. വർഗീയ വിരുദ്ധ സദസ്സ്‌, വിദഗ്ധരെ പങ്കെടുപ്പിച്ച് ജില്ലാതല പഠന ക്ലാസ് എന്നിവയും സംഘടിപ്പിച്ചു. പരമ്പരാഗത മേഖലയിൽ പണിയെടുക്കുന്ന ജില്ലയിലെ പാവപ്പെട്ട 10 തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകാനായി രൂപം നൽകിയ  തൊഴിലാളിക്കൊരു ഭവനം' പദ്ധതിയുടെ ഉദ്ഘാടനം കൊട്ടിയത്ത് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപിയാണ് നിർവഹിച്ചത്.  ജില്ലയിലെ എല്ലാ കാഷ്യൂ ഫാക്ടറികളിലും വർഗീയവിരുദ്ധ കുടുംബ സദസ്സുകൾ സംഘടിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്എഫ്ഇ, കെഎസ്ഇബി, വാട്ടർ അതോറിറ്റി, കെഎസ്ബിസി തുടങ്ങിയ സ്ഥാപനങ്ങളിലെ ഘടക യൂണിയനുകളും വർഗീയ വിരുദ്ധ കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ പരിപാടികളിലായി സിഐടിയു സംസ്ഥാന നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, എളമരം കരീം എംപി , ജെ മേഴ്സിക്കുട്ടിഅമ്മ, ബി പത്മലോചനൻ, ടി വി രാജേഷ്, പി സജി തുടങ്ങിയവർ പങ്കെടുത്തു. പരിപാടികൾ ജില്ലയിൽ വിജയിപ്പിച്ചഎല്ലാ തൊഴിലാളികളെയും സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പും ജില്ലാസെക്രട്ടറി എസ് ജയമോഹനും അഭിവാദ്യം ചെയ്തു. Read on deshabhimani.com

Related News