കുതിക്കും 
കൊല്ലം ടെക്നോപാര്‍ക്കും



കൊല്ലം കേരളത്തിന്റെ ഐടി കുതിപ്പിന്റെ ഭാഗമാകാൻ പദ്ധതികളും വികസന പ്രവർത്തനങ്ങളുമായി കൊല്ലം ടെക്നോപാർക്കും. ഐടി സേവനങ്ങൾ നൽകുന്ന കമ്പനികളെ കൂടുതലായി ടെക്നോപാർക്കിലേക്ക് ആകർഷിക്കാൻ വിവിധ മാർക്കറ്റിങ്ങ് ക്യാമ്പയിനും നിർമാണപ്രവർത്തന പദ്ധതികളുമാണ് ലക്ഷ്യമിടുന്നത്. കേരള ഐടി എന്ന ടൈറ്റിൽ ബ്രാൻഡിന് കീഴിൽ പുതുതായി മാർക്കറ്റിങ് ക്യാമ്പയിൻ നടത്താനുള്ള പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. രാജ്യാന്തര തലത്തിൽ പ്രവർത്തന പാരമ്പര്യമുള്ള മാർക്കറ്റിങ്ങ് ഏജൻസിയെ ഇതിനായി ചുമതലപ്പെടുത്തും. വിവരസാങ്കേതിക വിദ്യ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങളും ഏജൻസി നിർവഹിക്കും. ജീവനക്കാർക്ക് ക്യാമ്പസിനുള്ളിലെ പ്രവർത്തനങ്ങളും ക്യാമ്പസ് ലൈഫ് ആസ്വദിക്കുന്നതിനുമായി കായികവിനോദങ്ങൾക്കുള്ള ഗ്രൗണ്ടും വിവിധ കലാസാംസ്‌കാരിക പരിപാടികൾ നടത്താനാവശ്യമായ ആംഫി തിയേറ്ററും നിർമിക്കാനാണ് ആദ്യഘട്ടത്തിൽ പദ്ധതിയിടുന്നതെന്ന് ടെക്നോപാർക്ക് സിഇഒ സഞ്ജീവ് നായർ പറഞ്ഞു. കൊല്ലം ടെക്നോപാർക്കിനു സമീപത്തെ കോളേജുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളും വർക്‌ഷോപ്പുകളും മറ്റും നടത്താൻ പദ്ധതിയുണ്ട്. ഇത്‌ പാർക്കിന്റെ ബ്രാൻഡിങ് പ്രവർത്തനങ്ങളും മാർക്കറ്റിങ് ക്യാമ്പയിനും വർക്ക് നിയർ ഹോം പദ്ധതിക്കും സഹായകരമാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. ടൂറിസം വകുപ്പുമായി ചേർന്ന് നടത്താനാകുന്ന പദ്ധതി പ്രവർത്തനങ്ങളുടെ സാധ്യതകളും പരിഗണനയിലുണ്ട്‌. ഇതോടൊപ്പം പ്രത്യേക സാമ്പത്തിക മേഖലയുടെ ഏരിയ ഡീ നോട്ടിഫിക്കേഷൻ ചെയ്യാൻ കഴിയുമോ എന്നതിന്റെ സാധ്യതകളും അന്വേഷിക്കുന്നു. ഡീ നോട്ടിഫിക്കേഷൻ സാധ്യമായാൽ അത് സ്റ്റാർട്ടപ്പ് ഉൾപ്പെടെ കൂടുതൽ കമ്പനികളെ ടെക്നോപാർക്കിലേക്ക് ആകർഷിക്കാനും അതുവഴി കേരളത്തിന്റെ ഐടി കുതിപ്പിനും കരുത്താകും.  കുണ്ടറയിൽ സ്ഥിതിചെയ്യുന്ന കൊല്ലം ടെക്നോപാർക്കിൽ 18 കമ്പനിയിലായി 300 ജീവനക്കാരാണുള്ളത്. ഒരു ലക്ഷം ചതുരശ്രഅടി ബിൽറ്റ്അപ് സ്പെയ്സിൽ, പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന ഐടി പാർക്കിൽ വിവിധ രാജ്യങ്ങളിൽ ഐടി, ഐടിഇഎസ് സേവനങ്ങൾ നൽകുന്ന നിരവധി കമ്പനികൾ പ്രവർത്തിക്കുന്നു. നഗരത്തിന്റെ തിരക്കിൽനിന്നുമാറി പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷത്തിൽ അവധിദിനങ്ങൾ ആസ്വദിക്കുന്ന രീതിയിൽ ജോലി ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്‌. തിരുവനന്തപുരം ടെക്നോപാർക്കിന്റെ അതേ നിലവാരത്തിലുള്ള സൗകര്യങ്ങൾ കമ്പനികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. Read on deshabhimani.com

Related News