ഖനനാനുമതി റദ്ദാക്കാൻ കലക്‌ടറേറ്റ്‌ മാർച്ച്‌ ഇന്ന്‌



കൊല്ലം ചെറിയ വെളിനല്ലൂർ ആയിരവില്ലിപ്പാറയുടെ ഖനനാനുമതി റദ്ദാക്കണമെന്നും ജൈവവൈവിധ്യത്തിന്റെ കലവറയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌ ആയിരവില്ലിപ്പാറ സംരക്ഷണ സമരസമിതി നേതൃത്വത്തിൽ ചൊവ്വ പകല്‍ 10.30ന്‌ കലക്‌ടറേറ്റ്‌ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇളമാട് പഞ്ചായത്തിലെ ആയിരവില്ലിപ്പാറ ജൈവവൈവിധ്യത്തിന്റെ കലവറയും സമുദ്രനിരപ്പിൽനിന്ന് 155 മീറ്റർ ഉയരവും 62 ഏക്കർ ഭൂവിസ്തൃതിയുമുള്ള ഒറ്റപ്പാറയാണ്. വേണ്ടത്ര പരിശോധന നടത്താതെയാണ്‌ പാറഖനനം ചെയ്യാൻ കലക്ടർ അനുമതി നൽകിയത്‌. സമീപത്തെ നാലു വലിയ പാറകൾ 30 വർഷം ഖനനം ചെയ്‌തു. 200അടിവരെ താഴ്ചയിൽ ഭൂമിക്കടിയിൽനിന്ന് ഖനനം നടത്തി. ഇപ്പോൾ അഗാധ ഗർത്തങ്ങളായി വെള്ളം നിറഞ്ഞു. ഉരുൾപൊട്ടലോ ഭൂമികുലുക്കമോ ഉണ്ടായാൽ അടിവാരത്തുള്ള ചെറിയ വെളിനല്ലൂർ, കാരാളിക്കോണം, കണ്ണംകോട്, അർക്കന്നൂർ ഭൂപ്രദേശം ഇല്ലാതാകും.  ആയിരവില്ലി പാറയിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിലെ ഉദ്യോഗസ്ഥർ 177ഇനം സസ്യജാലങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പലതും അപൂർവ ഇനങ്ങളിൽപ്പെട്ടതാണ്‌. സമരസമിതി സെക്രട്ടറി ബൈജു ചെറിയവെളിനല്ലൂർ, ടോംസ്‌ എൻ ചാക്കോ, എ ബദറുദീൻ, റമീസ്‌ റഷീദ്‌, യൂസഫ്‌ പ്ലാമുറ്റം, കെ ഭാർഗവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News