കടയ്ക്കല്‍ താലൂക്കാശുപത്രിയുടെ പുരോഗതിക്ക്‌ ഒറ്റക്കെട്ടായി അണിനിരക്കുക: സിപിഐ എം



കടയ്ക്കല്‍ താലൂക്കാശുപത്രിയുടെ പുരോഗതി ഉറപ്പാക്കാന്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സിപിഐ എം കടയ്ക്കൽ ഏരിയ കമ്മിറ്റി ആഹ്വാനംചെയ്തു. രണ്ടുവര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാരിന്റെ കായകൽപ്പ്‌ അവാര്‍ഡ് ലഭിച്ച ആശുപത്രി ഈ വര്‍ഷം നാഷണല്‍ അക്രഡിറ്റേഷന്‍ അവാര്‍ഡ് കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ്. അത്യാധുനിനിക രീതിയിലുള്ള കുട്ടികളുടെ തീവ്രപരിചരണവിഭാഗം അടുത്തിടെയാണ്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ ഉദ്ഘാടനംചെയ്തത്‌. പുതിയ കെട്ടിടത്തിന് 10 കോടി രൂപയും പ്രഖ്യാപിച്ചു. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ജെ ചിഞ്ചുറാണിയുടെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്റെയും നേതൃത്വത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരും പ്രദേശത്തെ രാഷ്ട്രീയനേതൃത്വവും ഒരുമനസ്സായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നേട്ടം കൈവരിക്കാനായത്.  ആശുപത്രിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞദിവസം പ്രചരിച്ച വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്‌ പ്രസ്താവനയിൽ പറഞ്ഞു. കടയ്ക്കല്‍ സീഡ്ഫാമിലെ തൊഴിലാളിയെ കാളയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് സമയബന്ധിതമായി ചികിത്സ നല്‍കുന്നതിനോ തുടര്‍നടപടി സ്വീകരിക്കുന്നതിനോ ചികിത്സാവിഭാഗത്തിലെ ജീവനക്കാര്‍ തയ്യാറായില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗവും എച്ച്എംസി അംഗവുമായ എസ് വിക്രമന്‍ പരിക്കേറ്റയാളിന് ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഈ സംഭവം വളച്ചൊടിച്ച്‌ നിക്ഷിപ്ത താൽപ്പര്യക്കാരുടെ നേതൃത്വത്തില്‍ ഒരു പത്രത്തില്‍ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. ആശുപത്രിയുടെ സമഗ്ര പുരോഗതിയും രോഗികളുടെ ക്ഷേമവും ഉറപ്പുവരുത്താന്‍ എല്ലാവരും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കൊപ്പം അണിനിരക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി എം നസീര്‍ അഭ്യര്‍ഥിച്ചു. Read on deshabhimani.com

Related News