പോപ്പുലർ ഫ്രണ്ട് ഓഫീസിൽ റെയ്ഡ്; ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകന്‌ മർദനം

പോപ്പുലർ ഫ്രണ്ട്‌ കരുനാഗപ്പള്ളി ഓഫീസിൽ പൊലീസ്‌ പരിശോധന നടത്തുന്നു


കരുനാഗപ്പള്ളി പോപ്പുലർ ഫ്രണ്ട് ദക്ഷിണമേഖലാ ഓഫീസിൽ പൊലീസ് പരിശോധന നടത്തി. പുതിയകാവ് നെഞ്ചുരോഗാശുപത്രിക്കു സമീപത്തെ ഓഫീസിലാണ് കരുനാഗപ്പള്ളി പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിശോധന ചിത്രീകരിക്കുകയായിരുന്ന പ്രാദേശിക ചാനൽ പ്രവർത്തകനെ എസ്‌ഡിപിഐ പ്രവർത്തകർ ആക്രമിച്ചു.    വിവിധ ഭാഗങ്ങളിൽനിന്ന്‌ നിരവധിപേർ ഇവിടെ വന്നുപോകുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ ടി നാരായണന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ തിങ്കൾ പകൽ പന്ത്രണ്ടോടെയായിരുന്നു പരിശോധന. ശക്തമായ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, റെയ്ഡ് അറിഞ്ഞതോടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ എത്തിയ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പ്രദേശത്ത് തടിച്ചുകൂടി. പരിശോധനയുടെ ദൃശ്യങ്ങൾ പകർത്താനെത്തിയ പ്രാദേശിക ചാനൽ ക്യാമറാമാൻ രാജനെ (56) പ്രവർത്തകർ ആക്രമിക്കുകയും  ക്യാമറ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. തലയ്ക്കും മുഖത്തും പരിക്കേറ്റ രാജനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. പരിശോധനയിൽ ഏതാനും ലഘുലേഖകൾ മാത്രമാണ് കണ്ടെടുത്തത്. ക്യാമറാമാനെ മർദിച്ചതിൽ കരുനാഗപ്പള്ളി പ്രസ് ഫോറം  പ്രതിഷേധിച്ചു. Read on deshabhimani.com

Related News