കല്ലുവാതുക്കലിൽ കൈയാങ്കളി



ചാത്തന്നൂർ  ജില്ലയിൽ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്തായ കല്ലുവാതുക്കലിൽ പ്രതിസന്ധി രൂക്ഷമാക്കി ഭരണസമിതി യോഗത്തിൽ തമ്മിലടി. മിനിറ്റ്സ്‌ ബുക്ക്‌ തട്ടിയെടുത്ത്‌ ആരോഗ്യസ്ഥിരംസമിതി അധ്യക്ഷൻ ഹാളിൽനിന്ന്‌ ഓടി. വ്യാഴാഴ്ച കൂടിയ യോഗത്തിൽ ബിജെപി അംഗങ്ങൾ ചേരിതിരിഞ്ഞ് കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ മണിക്കൂറുകളോളം നാടകീയ രംഗങ്ങൾ അരങ്ങേറി.   വ്യാഴം പകൽ 11ന്‌ ആരംഭിച്ച യോഗത്തിൽ കഴിഞ്ഞ യോഗത്തിന്റെ മിനിറ്റ്‌സ്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. യുഡിഎഫ്‌ അംഗം പ്രമീള മിനിറ്റ്‌സിന്റെ പകർപ്പ്‌ വായിക്കുന്നതിനിടെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ബൈജു ലക്ഷ്മണൻ തട്ടിപ്പറിച്ച്‌ ഓടുകയായിരുന്നു. മറ്റ്‌ അംഗങ്ങൾ കൂടെ ഓടിയെങ്കിലും ഇയാൾ കാറിൽ കയറി രക്ഷപ്പെട്ടു.  ഇയാൾക്കെതിരെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകിയശേഷം അംഗങ്ങൾ തിരിച്ചെത്തി യോഗം പുനഃരാരംഭിച്ചതോടെ ബൈജു ലക്ഷ്മണൻ തിരികെയെത്തി. മിനിറ്റ്സുമായി മുങ്ങിയ അംഗത്തെ പ്രസിഡന്റ് ന്യായീകരിച്ചതിനെ ഒരു വിഭാഗം ബിജെപി അംഗങ്ങൾ എതിർത്തു. ഇവർ ചേരിതിരിഞ്ഞ്‌ വാക്കേറ്റമായി.  തുടർന്ന് പ്രസിഡന്റും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനും യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോയി. എന്നാൽ, ഭൂരിപക്ഷം ബിജെപി അംഗങ്ങൾ ഹാളിൽതന്നെ ഇരുന്നു. തുടർന്ന്‌ വൈസ് പ്രസിഡന്റ് സത്യപാലന്റെ അധ്യക്ഷതയിൽ യോഗംകൂടി അജൻഡ അംഗീകരിച്ചു.  പഞ്ചായത്തിൽ തുടർച്ചയായി യോഗം കൂടാനാകാത്ത അവസ്ഥയാണ്‌. അഞ്ചു മാസം പിന്നിട്ടിട്ടും മിനിറ്റ്‌സ് ക്ലോസ് ചെയാത്ത ഭരണസമിതിക്കെതിരെ വലിയ പ്രതിഷേധം യോഗങ്ങളിൽ ഉയർന്നിരുന്നു. പണം അനുവദിച്ച പദ്ധതികൾ പോലും നടപ്പിലാക്കാൻ പറ്റാത്ത സ്ഥിതിയാണ് നിലവിൽ പഞ്ചായത്തിലുള്ളത്.  പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടർ നടത്തിയ പരിശോധനയിൽ നിരവധി  ക്രമക്കേടുകൾ  കണ്ടെത്തിയിരുന്നു. ഡെപ്യൂട്ടി ഡയറക്‌ടറുടെ തുടർപരിശോധനയ്ക്കുശേഷമേ  മിനിറ്റ്സ് ക്ലോസ് ചെയ്യാനാകൂവെന്ന്‌ നിർദേശമുണ്ടായിരുന്നു. ബിജെപി അംഗങ്ങളായ അഞ്ചുപേരും എൽഡിഎഫിന്റെ ആറുപേരും യുഡിഎഫിലെ എട്ടുപേരും ഉൾപ്പെടെ 19 പേർ കഴിഞ്ഞ മിനിറ്റ്സിൽ ഒപ്പിട്ടിരുന്നു. ഇതിന്റെ പകർപ്പാണ്‌ അംഗങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സെക്രട്ടറി നൽകിയത്‌. Read on deshabhimani.com

Related News