പിജി കോഴ്‌സുകള്‍ക്ക് അനുമതി



കൊല്ലം കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ പിജി കോഴ്‌സുകൾക്ക് അനുമതി ലഭിച്ചു. എംഡി കമ്യൂണിറ്റി മെഡിസിൻ, എംഡി പത്തോളജി വിഭാഗങ്ങളിലായി രണ്ടുവീതം സീറ്റിനാണ്‌ നാഷണൽ മെഡിക്കൽ കമീഷൻ അനുമതി നൽകിയത്. രണ്ടുവിഭാഗങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതോടെ രോഗീപരിചരണം, അധ്യാപനം, ഗവേഷണം എന്നിവയിൽ കൊല്ലം മെഡിക്കൽ കോളേജ് പുതിയ ഘട്ടത്തിലേക്കു കടക്കും.  ആശുപത്രിയിലെ രോഗീപരിചരണം, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, ഗവേഷണം എന്നിവ ശക്തിപ്പെടുത്താൻ കമ്യൂണിറ്റി മെഡിസിനിലെ പുതിയ സീറ്റുകൾ സഹായിക്കും. രോഗനിർണയത്തിൽ പത്തോളജി വിഭാഗത്തിന് വലിയ പ്രാധാന്യമുണ്ട്‌. കോവിഡ് മഹാമാരിക്കിടയിലും കൊല്ലം മെഡിക്കൽ കോളേജിൽ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലം കൂടിയാണിത്. കൂടുതൽ വിഭാഗങ്ങളിൽ പിജി കോഴ്‌സ്‌ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ.  110 എംബിബിഎസ് സീറ്റാണ്‌ മെഡിക്കൽ കോളേജിൽ നിലവിലുള്ളത്‌. കേരള ആരോഗ്യ സർവകലാശാല ഇക്കൊല്ലം നടത്തിയ എംബിബിഎസ് ഫൈനൽ പരീക്ഷയുടെ പാർട്ട്‌ രണ്ടിൽ 95 ശതമാനം പേരും പാർട്ട് ഒന്നിൽ 98 ശതമാനം പേരും വിജയിച്ചു. ആദ്യ ബാച്ച്  ഹൗസ്‌ സര്‍ജന്‍സി ആരംഭിച്ചു . കാത്ത്‌ലാബ്, ഡയാലിസിസ് യൂണിറ്റ്, ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ, പാരാ ക്ലിനിക്കൽ സ്പെഷാലിറ്റി വിഭാഗങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. മുന്നൂറിലധികം ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ ഇതിനകം നടത്തി. പിഎം അഭിൻ പദ്ധതിയിൽ ഉൾപ്പെടുത്തി 23.75 കോടി രൂപയിൽ ആരംഭിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ  നിർമാണനടപടികൾ പുരോഗമിക്കുകയാണ്‌.  ട്രോമാകെയർ, ഇൻഫക്‌ഷൻ ഡിസീസ് ബ്ലോക്കുകളുടെയും നിർമാണം പുരോഗമിക്കുന്നു. 29.99 ഏക്കറിലാണ് കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌ പ്രവർത്തിക്കുന്നത്. ആരോഗ്യമന്ത്രി വീണാജോര്‍ജ് അടുത്തിടെ മെഡിക്കല്‍ കോളേജിലെത്തി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്‌തിരുന്നു. നഴ്സിങ്‌ കോളേജ് ആരംഭിക്കാനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചു.     അഭിമാനനേട്ടം കൊല്ലം മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ച് അഞ്ചു വർഷത്തിനുള്ളിൽ പിജി കോഴ്‌സ് ആരംഭിക്കാനാകുന്നത് അഭിമാന നേട്ടമാണ്‌.   എത്രയും വേഗം കോഴ്‌സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും.  –-മന്ത്രി വീണാജോർജ്‌   Read on deshabhimani.com

Related News