മോഹം ‘എഡിറ്റ്' ചെയ്തു, 
രാജേഷിന് അഭിമാനനേട്ടം

രാജേഷ് രാജേന്ദ്രൻ


കൊല്ലം " ചെറുപ്പത്തിലെ സിനിമകളെല്ലാം കാണും. സംവിധായകനാകാനായിരുന്നു മോഹം. സംവിധാനം പഠിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നെ ആ മോഹം ചെറുതായൊന്ന് "എഡിറ്റ് ചെയ്ത്'  മൾട്ടിമീഡിയ പഠിച്ചത് വഴിത്തിരിവായി. സിനിമ എഡിറ്റിങ് മേഖലയിൽ ഇപ്പോള്‍ 12 വര്‍ഷം’. മികച്ച എഡിറ്റിങ്ങിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ സന്തോഷം പങ്കുവച്ച്  കൊല്ലം കണ്ണനല്ലൂർ കുളപ്പാടം സ്വദേശി രാജേഷ് രാജേന്ദ്രൻ തന്റെ സിനിമാവഴി ഓർത്തെടുത്തു.   നായാട്ട് സിനിമയിലെ എഡിറ്റിങ് മികവിനാണ് പ്രശസ്ത എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണനൊപ്പം പുരസ്കാരം നേടിയത്. സിനിമാ പശ്ചാത്തലമില്ലാതെ സാധാരണ കുടുംബത്തിൽ നിന്നുവന്ന രാജേഷ് രാജേന്ദ്രൻ ഈ പുരസ്കാരത്തെ വളരെ അഭിമാനത്തോടെയാണ് കാണുന്നത്. 12 വർഷമായി സിനിമ എഡിറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്ന  രാജേഷ്  ഇരുപതോളം ചിത്രങ്ങളിൽ അസോസിയേറ്റായി.  എസ്എൻ കോളേജിലായിരുന്നു ബിരുദം. സംവിധാനം പഠിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ മൾട്ടിമീഡിയ പഠിച്ചു.  കുറച്ചുകാലം ​ഗൾഫിൽ ജോലിചെയ്തു. തിരിച്ചുവന്ന് എഡിറ്റിങ് അസോസിയേറ്റായി.  ട്രിവാൻഡ്രം ലോഡ്ജ്, ഹൗ ഓൾഡ് ആർ യു, കാസനോവ, എന്നു നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിൽ മഹേഷ് നാരായണനെ  അസിസ്റ്റ് ചെയ്തു. കെ കെ രാജീവിന്റെ എവിടെയായിരുന്നു സ്വതന്ത്ര എഡിറ്ററായ ആദ്യ ചിത്രം.   കോവിഡ് സമയത്തായിരുന്നു നായാട്ടിന്റെ ജോലികൾ.  ഒന്നര വർഷത്തോളം നായാട്ടിന്റെ പിറകിലായിരുന്നുവെന്നും ആ അധ്വാനത്തിന്റെ ഫലം കൂടിയാണ് പുരസ്കാരമെന്നും രാജേഷ് പറഞ്ഞു. ഭാര്യയും രണ്ടു മക്കളും അടങ്ങിയതാണ് കുടുംബം. Read on deshabhimani.com

Related News