യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം: പ്രതികൾക്ക് 6 വർഷം തടവ്



കൊല്ലം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ.  ചിറക്കര കാരംകോട് കണ്ണേറ്റ ക്ഷേത്രത്തിനു സമീപം ചരുവിളപുത്തൻവീട്ടിൽ താമസിക്കുന്ന കുഞ്ഞുമോൻ(44), തോട്ടിൻകര പുത്തൻവീട്ടിൽ അനി (41) എന്നിവരെയാണ് കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് റോയി വർ​ഗീസ്‌ ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം മൂന്നുമാസംകൂടി തടവ് അനുഭവിക്കണം. കേസിലെ ഒന്നാംപ്രതിയും രണ്ടാംപ്രതി കുഞ്ഞുമോന്റെ സഹോദരനുമായ അനി വിചാരണയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു. ചാത്തന്നൂർ ചിറക്കര കാരംകോട് വാഴത്തോപ്പിൽ വീട്ടിൽ പ്രജുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി.  2012 ഒക്ടോബർ 27ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഡ്രൈവറായ പ്രജു ജോലികഴിഞ്ഞ് വീട്ടിൽ എത്തി ഉറങ്ങുകയായിരുന്നു. മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. കൃത്യത്തിനുശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ഒരുവർഷം മുമ്പ്‌ കണ്ണേറ്റ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തോട്‌ അനുബന്ധിച്ച് സ്റ്റേജിൽ ​ഗാനമേള നടക്കവേ രണ്ടാംപ്രതി കുഞ്ഞുമോൻ സ്റ്റേജിൽകയറി ബഹളമുണ്ടാക്കിയതിന്‌ പൊലീസ് പിടികൂടിയിരുന്നു. കുഞ്ഞുമോനെ പിടികൂടാൻ  പ്രജു പൊലീസിനെ സഹായിച്ചു എന്ന കാരണത്താൽ പ്രതികൾക്ക്‌ വിരോധമുണ്ടായിരുന്നു. ഇതിനെ തുടർന്ന്‌ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ്‌ പ്രോസിക്യൂഷൻ കേസ്. രാത്രിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്നതിന് രണ്ടുവർഷം തടവും 10,000 രൂപ പിഴയും, വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന്‌ നാലുവർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി വിനോദ് ഹാജരായി. ചാത്തന്നൂർ എസ്‌ഐ ആയിരുന്ന ജസ്റ്റിൻ ജോൺ രജിസ്റ്റർ ചെയ്ത കേസിൽ കൊട്ടിയം സിഐ ആയിരുന്ന എസ് അനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. Read on deshabhimani.com

Related News