‘ആഫ്റ്റര്‍’ കെയര്‍ഹോം; 
മാംഗല്യം തന്തുനാനേന

ആഫ്‌റ്റർ കെയർ ഹോമിലെ വിവാഹച്ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി, എം നൗഷാദ്‌ എംഎൽഎ, കലക്ടർ അഫ്‌സാന പർവീൺ, സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ എന്നിവർ നവദമ്പതികൾക്കൊപ്പം


കൊല്ലം ആഫ്‌റ്റർ കെയർ ഹോമിന്റെ തണലിൽനിന്ന്‌ മൂന്നുപെൺകുട്ടികൾ പുതുജീവിതത്തിലേക്ക്‌. അമ്മുവും ആതിരയും ഗോപികയുമാണ്‌  മാംഗല്യജീവിതത്തിലേക്ക്‌ പ്രവേശിച്ചത്‌. സർക്കാരിന്റെ ഇഞ്ചവിള ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസികളായ മൂന്നുപേരും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, എം നൗഷാദ് എംഎൽഎ, കലക്ടർ അഫ്‌സാന പർവീൺ, സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വിവാഹിതരായി.  കുട്ടികളായിരിക്കെ സംരക്ഷണകേന്ദ്രത്തിലായ മൂവരും 18 വയസ്സ് പൂർത്തിയായതിനെ തുടർന്നാണ് ആഫ്റ്റർ കെയർ ഹോമിലേക്ക് എത്തിയത്. പ്ലസ്ടു വിദ്യാഭ്യാസത്തിനുശേഷം എല്ലാവരും വിവിധ മേഖലയിൽ ജോലിയിലുമാണ്. അമ്മുവിനെ കല്ലുവാതുക്കൽ പാമ്പുറം കൃഷ്ണാലയത്തിൽ അജി കൃഷ്ണയും ആതിരയെ ചവറ കല്ലുംപുറത്ത് ജസ്റ്റിനും ഗോപികയെ കുറുമണ്ണ് കുളത്തൂർ തെക്കേതിൽ ചിത്തരേഷും പുതിയജീവിതത്തിലേക്ക്‌ കൈപിടിച്ചു. ഓരോ കുടുംബത്തിനുമായി ഒരു ലക്ഷം രൂപ വീതം വനിതാ ശിശുവികസന വകുപ്പ് സ്ഥിരനിക്ഷേപമായി നൽകി. വ്യക്തികളും സന്നദ്ധപ്രവർത്തകരും സ്ഥാപനങ്ങളും ഉപഹാരങ്ങൾ സമ്മാനിച്ചു. അഞ്ചാലുംമൂട് ലേക്ക് പാലസ് കൺവൻഷൻ സെന്ററിൽ വധൂവരന്മാരുടെ മതാചാരപ്രകാരം ലളിത ചടങ്ങുകളോടെ കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു വിവാഹം. വനിതാ ശിശുവികസന ഓഫീസർ പി ബിജി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ജി പ്രസന്നകുമാരി, ഐസിഡിഎസ്  ജില്ലാ പ്രോജക്ട് ഓഫീസർ ടിജു റെയ്ച്ചൽ തോമസ്, ആഫ്റ്റർ കെയർ ഹോം സൂപ്രണ്ട് ടി ജെ മേരിക്കുട്ടി തുടങ്ങിയവരും പങ്കെടുത്തു. Read on deshabhimani.com

Related News