മലമ്പനി, മന്തുരോഗ നിര്‍മാര്‍ജനം ലക്ഷ്യത്തിലേക്ക്: ഡിഎംഒ



കൊല്ലം മലമ്പനി, മന്തുരോഗ നിർമാർജന പ്രവർത്തനം ജില്ലയിൽ ലക്ഷ്യത്തോട് അടുക്കുന്നെന്ന് ഡിഎംഒ ജെ മണികണ്ഠൻ. 2017 –-ൽ 47 മലേറിയ രോഗികളെ കണ്ടെത്തിയിരുന്നു. നിലവിൽ 14 എണ്ണമായി ചുരുങ്ങി. 2018 –-ൽ 36, 2019 –-ൽ 40, 2020 –-ൽ 17 എന്നിങ്ങനെയായിരുന്നു മലേറിയ ബാധിതരുടെ എണ്ണം. 2019 മുതൽ തദ്ദേശീയ മലമ്പനി കണ്ടെത്തിയിട്ടില്ല. അതിഥിത്തൊഴിലാളികൾ, വിദേശത്തുനിന്ന്‌ എത്തുന്നവർ തുടങ്ങിയവരുടെ രക്തം പരിശോധിച്ച്‌ രോഗനിർണയം കൃത്യമാക്കി. ആവശ്യമായ ചികിത്സ നൽകിയതിലൂടെ രോഗികളുടെ എണ്ണം കുറയ്‌ക്കാനുമായി. 2023 –-ൽ സമ്പൂർണ നിർമാർജനം സാധ്യമാക്കാനാകും. മന്തുരോഗ വ്യാപനത്തിലും കുത്തനെ കുറവുണ്ടായി. എട്ട് റൗണ്ട് സമൂഹമന്തുരോഗ ചികിത്സാപരിപാടി നടത്തി രോഗവാഹകരുടെ നിരക്ക് ഒരു ശതമാനത്തിലും താഴേക്ക് എത്തിച്ചു. രാത്രികാല രക്തപരിശോധനയും കാര്യക്ഷമമായി നടത്താനായി. രോഗബാധിതർക്ക് ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സാ പിന്തുണയും ഉറപ്പാക്കുന്നു. 2022 മാർച്ചിൽ തന്നെ സമ്പൂർണ നിർമാർജനം യാഥാർഥ്യമാക്കാനാകും. കൊതുകിന്റെ ഉറവിട നശീകരണത്തിലൂടെ ഇരുരോഗങ്ങളെയും പൂർണമായും തുടച്ചുനീക്കാനാകുമെന്നും ഡിഎംഒ വ്യക്തമാക്കി. Read on deshabhimani.com

Related News