എലിപ്പനി കൂടുന്നു, ജാഗ്രത വേണം



കൊല്ലം  ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഇതുവരെ 72 പേർക്കാണ്‌ എലിപ്പനി ബാധിച്ചത്. ഇതിൽ ആറുപേർ മരിച്ചു. നവംബറിലാണ്‌ കൂടുതൽ പേർക്ക്‌ രോഗമുണ്ടായത്‌. ആഗസ്‌തിൽ റിപ്പോർട്ട്‌ ചെയ്‌ത 10 കേസിൽ ഒരാൾ മരിച്ചു. സെപ്‌തംബറിൽ ഒമ്പതുപേർക്കും ഒക്‌ടോബറിൽ എട്ടുപേർക്കും രോഗം റിപ്പോർട്ട്‌ചെയ്‌തു.   ഈ വർഷം കൂടുതൽ കേസ്‌ റിപ്പോർട്ട്‌ ചെയ്തത്‌ അഞ്ചൽ ബ്ലോക്കിലാണ്‌ –-15. കുളക്കടയിൽ എട്ടും കുളത്തൂപ്പുഴയിൽ അഞ്ചും പത്തനാപുരത്ത്‌ ആറും കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു.        കരുതാം, തടയാം എലി, വളർത്തുമൃഗങ്ങൾ തുടങ്ങിയവയുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയും മണ്ണിലൂടെയും രോഗാണുക്കൾ ശരീരത്തിലെത്തും. എലി നശീകരണമാണ്‌ എളുപ്പമാർഗം. അരി, ധാന്യം, അവൽ, മലർ എന്നിവ പായ്‌ക്കറ്റിൽ ലഭിക്കുന്നത് വാങ്ങണം. എലിയുടെ മൂത്രം കലരാൻ സാധ്യതയുള്ളതിനാൽ ഭക്ഷണ സാധനങ്ങൾ തുറന്നുവയ്ക്കരുത്. വൃത്തിഹീന സാഹചര്യത്തിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കരുത്. ഭക്ഷ്യാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് എലികൾ വർധിക്കാനിടയാക്കും. മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കണം. അഴുക്കുവെള്ളത്തിൽ ഇറങ്ങിയാൽ കൈകൾ സോപ്പിട്ട്‌ കഴുകണം. കൈകാലുകളിലെ മുറിവുകളിൽ അഴുക്കുവെള്ളവും മണ്ണും കയറാതെ സൂക്ഷിക്കണം. തൊഴുത്തുകളിൽ ഡ്രയ്നേജ്‌ സംവിധാനം ഒരുക്കണം.         ലക്ഷണം  പനി, കണ്ണ്‌ ചുവക്കൽ, ശരീരവേദന, പേശീവേദന, മൂത്രത്തിൽ നിറവ്യത്യാസം എന്നിവയാണ്‌ പ്രധാന ലക്ഷണം. പനിവന്നാൽ സ്വയംചികിത്സ പാടില്ല. എലിപ്പനി നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കണം.       കഴിക്കാം 
      ഡോക്സി സൈക്ലിൻ  ഡോക്സി സൈക്ലിൻ ഗുളിക കഴിച്ചാൽ എലിപ്പനി സാധ്യത ഒഴിവാക്കാം. 200മി. ഗ്രാം ഗുളിക ആഴ്‌ചയിൽ ഒന്നുവീതം ആറാഴ്‌ച തുടർച്ചയായി കഴിക്കണം. പിന്നീട്‌ രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ആവർത്തിക്കാം. മലിനജലവുമായി സമ്പർക്കമുള്ള ജോലിചെയ്യുന്നവർ, തൊഴിലുറപ്പു തൊഴിലാളികൾ, കെട്ടിട നിർമാണ തൊഴിലാളികൾ, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജോലിചെയ്യുന്നവർ, മത്സ്യസംസ്കരണത്തിൽ ഏർപ്പെടുന്നവർ, ക്ഷീരകർഷകർ തുടങ്ങിയവർ നിർബന്ധമായും ഡോക്സി സൈക്ലീൻ കഴിക്കണം.          സൗജന്യ പരിശോധന ജില്ലയിലെ പിഎച്ച്‌സികൾ, സിഎച്ച്‌സികൾ എന്നിവിടങ്ങളിൽ ഗുളികകൾ ലഭ്യമാക്കിയിട്ടുണ്ട്‌. കൊല്ലം പബ്ലിക്‌ ഹെൽത്ത്‌ ലാബ്‌, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി താലൂക്കാശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ സൗജന്യ പരിശോധന ഉറപ്പാക്കിയിട്ടുണ്ട്‌. സ്വകാര്യ ആശുപത്രികളിലും ഗുളിക ഉറപ്പാക്കിയിട്ടുണ്ട്‌.          ബോധവൽക്കരണം ജില്ലയിൽ ആരോഗ്യവകുപ്പ്‌ വ്യാപകബോധവൽക്കരണ പ്രവർത്തനം തുടങ്ങി. തൊഴിലുറപ്പു തൊഴിലാളികളുടെ തൊഴിലിടങ്ങളിൽ  ഉള്‍പ്പെടെ  ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു. Read on deshabhimani.com

Related News