കൃഷ്‌ണമണിപോലെ കാത്ത എന്റെ കുഞ്ഞിനെ കൊന്നു

ലക്ഷ്മിയും അമ്മ രമയും


കൊല്ലം ‘നിങ്ങൾക്ക്‌ അധികപ്പറ്റാണെങ്കിൽ എന്റെ കുഞ്ഞിനെ ഞാൻ കൊണ്ടുപൊയ്‌ക്കോളാം, അവളെ ഇങ്ങനെ തകർക്കരുത്‌. കരഞ്ഞ്‌ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. ഒടുവിൽ അവരെല്ലാം കൂടി എന്റെ പൊന്നുമോളെ മരണത്തിലേക്ക്‌ തള്ളിയിട്ടു’... ലക്ഷ്‌മിയുടെ അമ്മ രമയ്‌ക്ക്‌ വാക്കുകൾ മുഴുമിപ്പിക്കാനായില്ല. മകൾ ഭർതൃവീട്ടിൽ കൂടുതൽപേരുടെ മാനസിക പീഡനത്തിനും ഒറ്റപ്പെടുത്തലിനും ഇരയായിരുന്നുവെന്ന്‌ അമ്മ രമ പറയുന്നു. ഇതേ തുടർന്ന്‌ ചവറയിൽ താമസിക്കുന്ന ഹരികൃഷ്‌ണന്റെ സഹോദരിയെ ഫോണിൽ വിളിച്ചാണ്‌ വിവാഹമോചനത്തിനു തയ്യാറാണെന്നു പറഞ്ഞത്‌.  ‘ഗ്രഹനില പ്രകാരം നിനക്ക്‌ മൂന്നു കല്യാണം ഉണ്ട്‌, അതിനാൽ പോയി വേറെ കെട്ടുന്നതാണ്‌ നല്ലത്‌’–- എന്നു പറഞ്ഞ്‌ കിഷോറും ബന്ധുക്കളും മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞതിനെ തുടർന്നാണ്‌  ഞാൻ കിഷോറിന്റെ സഹോദരിയെ വിളിച്ച്‌ കേണപേക്ഷിച്ചത്‌. പീഡനം സഹിക്കവയ്യാതെ അതിനുമുന്നേ അവൾ യാത്രയായി.  രക്ഷിക്കാമായിരുന്നു, പക്ഷേ...   അടൂരിൽനിന്നു ഞാൻ വരുംവരെ കാത്തിരിക്കാതെ അവർ ആരെങ്കിലും കിടപ്പുമുറിയുടെ കതക്‌ തുറന്നിരുന്നെങ്കിൽ അവളെ രക്ഷിക്കാമായിരുന്നു. അടൂരിൽനിന്ന്‌ ഈ വീട്ടിലെത്താൻ മൂന്നു മണിക്കൂറിലധികമാണ്‌ വേണ്ടിവന്നത്‌. അതിനിടയിൽ ആരെങ്കിലും അവളെ വിളിച്ചിരുന്നെങ്കിൽ... സ്‌ത്രീകൾ ഉൾപ്പെടെ ആരും അതിനു തയ്യാറായില്ല. അത്ര ക്രൂരതയാണ്‌ അവർ  മകളോടു കാട്ടിയത്‌. ഞാൻ എത്തുമ്പോൾ കിഷോറിന്റെ  ബന്ധുക്കൾ മിക്കവരും അവിടെ  ഉണ്ടായിരുന്നു. ‘എന്റെ മകളെ ഞാൻ നോക്കട്ടെ’ എന്നു പറഞ്ഞ്‌ അകത്തേക്കു കയറിയപ്പോൾ ‘ഞങ്ങളുടെ മോന്‌ എന്തെങ്കിലും പറ്റിയാൽ  നിന്നെ വച്ചേക്കില്ല’ എന്ന്‌ അവർ പറയുന്നുണ്ടായിരുന്നു. അപ്പോഴും എനിക്ക്‌  ഒന്നും പിടികിട്ടിയില്ല. ഞാൻ മുകളിലേക്കു കയറും മുമ്പ്‌ കിഷോറും മറ്റും ഓടിക്കയറി കതക്‌ തള്ളിത്തുറന്നു. തുടർന്ന്‌ അവൾ മരിച്ചുപോയെന്ന്‌ കിഷോറാണ്‌ പറഞ്ഞത്‌. വേഗം ആശുപത്രിയിൽ എത്തിക്കാമെന്ന്‌ ഞാൻ പറഞ്ഞപ്പോൾ ‘മരിച്ചില്ലേ പിന്നെയെന്തിന്‌ ആശുപത്രിയിലാക്കണം’ എന്നായിരുന്നു മറുചോദ്യം. അവളുടെ  മരണം അവർ  ഉറപ്പാക്കിയിരുന്നു... കൃഷ്‌ണമണിപോലെ കാത്തുസൂക്ഷിച്ച എന്റെ  കുഞ്ഞിനെ അവർ കൊന്നു –- രമ പറഞ്ഞു. Read on deshabhimani.com

Related News